-family-tied-to-tree

ദർ (മദ്ധ്യപ്രദേശ്): വിവാഹിതയായ സ്ത്രീയോടൊപ്പം ഒളിച്ചോടിയതിനു യുവാവിനെയും കുടുംബത്തെയും കെട്ടിയിട്ട് മർദ്ദിച്ചു. ഒളിച്ചോടിയ സ്ത്രീയുടെ ഭർത്താവായ മുകേഷാണ് ഇവരെ മർദ്ദിച്ചത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും 230 കിലോമീറ്റർ അകലെയുള്ള ദറിലാണ് സംഭവം. മുകേഷിന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടിയെന്നും അവരെ ഇയാൾ വിവാഹം കഴിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് അഞ്ച് പേരെ മദ്ധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ,​ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാം എന്ന വ്യാജേന മുകേഷ് യുവാവിനെയും കുടുംബാംഗങ്ങളെയും വിളിച്ചുവരുത്തിയ ശേഷം ഇവരെ മർദ്ദിക്കുകയായിരുന്നു. യുവാവിനെയും കുടുംബത്തെയും അടുത്തുള്ള മരത്തിൽ കെട്ടിയിട്ട ശേഷം വടികൾ കൊണ്ടാണ് മർദ്ദിച്ചത്. മുകേഷിനോടൊപ്പം വന്ന ബന്ധുക്കളും ഇവരെ ക്രൂരമായി മർദ്ദിച്ചു. ദറിലുള്ള അർജ്ജുൻ കോളനിയിലാണ് മുകേഷും യുവാവും താമസിക്കുന്നത്.

മർദ്ദനം ഏറ്റുവാങ്ങിയ കുടുംബാംഗങ്ങളിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും ഉണ്ടായിരുന്നുവെന്നും അതിനാൽ അക്രമികൾക്കെതിരെ പോക്‌സോ കുറ്റവും ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അഞ്ച് പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും, ഇനിയും അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. യുവാവും കുടുംബവും മർദ്ദിക്കപ്പെടുന്നത് പ്രദേശവാസികൾ കണ്ടു നിന്നുവെന്നും ഇവർ സംഭവത്തിൽ ഇടപെടാതെ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.