ന്യൂഡൽഹി: ബംഗാളിലെ രാഷ്‌ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന പ്രതിപക്ഷ ഐക്യത്തിന് ഊർജ്ജം പകരും വിധം മോദി സർക്കാരിന്റെ രണ്ടാം വരവ് തടയാൻ പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വയ്‌ക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. ഒപ്പം വിശാല പ്രതിപക്ഷ ഐക്യശ്രമങ്ങളുമായി യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി കളത്തിലിറങ്ങി.
തിരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 23ന് സോണിയയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം ഡൽഹിയിൽ വിളിക്കും. പ്രതിപക്ഷ പാർട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ച് സോണിയ കത്തയച്ചു.
എൻ.ഡി.എയ്‌ക്ക് കേവലഭൂരിപക്ഷം കിട്ടില്ലെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള സാദ്ധ്യത പോലും ഉപേക്ഷിക്കുന്ന പ്രഖ്യാപനം കോൺഗ്രസ് നടത്തിയത്. പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും കോൺഗ്രസിന് ഒരു പ്രശ്നവും ഇല്ലെന്നും ബി.ജെ.പിയെ അധികാരത്തിൽ നിന്നകറ്റുക മാത്രമാണ് ലക്ഷ്യമെന്നും സീനിയർ നേതാവായ ഗുലാം നബി ആസാദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ, ബി.ജെ.പിയുടെ ഭരണത്തുടർച്ച തടയാൻ എന്ത് വിട്ടുവീഴ്‌ചയും ചെയ്യാനുള്ള കോൺഗ്രസിന്റെ പുനരാലോചനയുടെ സൂചനയാണിത്. പ്രധാനമന്ത്രി മോഹമുള്ള മമതാ ബാനർജി, മായാവതി, ചന്ദ്രശേഖർ റാവു, ചന്ദ്രബാബു നായിഡു തുടങ്ങിയവരെ വിശാലസഖ്യത്തിൽ നിറുത്താനുള്ള തന്ത്രമാണിത്. 23ലെ യോഗത്തിൽ പങ്കെടുക്കുമെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനും ജെ.ഡി.എസ് അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും അറിയിച്ചു. ബി.എസ്.പിയും എസ്.പിയും പ്രതികരിച്ചിട്ടില്ല.
പ്രതിപക്ഷ നേതാക്കളിൽ സ്റ്റാലിൻ മാത്രമാണ് രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞിട്ടുള്ളത്. മായാവതിയാകട്ടെ, പ്രധാനമന്ത്രിയായാൽ ഏത് മണ്ഡലത്തിൽ മത്സരിക്കണം എന്നു വരെ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് ഒപ്പമുള്ളതാണ് മായാവതിയുടെ ഡൽഹി മോഹത്തിന് കരുത്തേകുന്നത്. സ്‌റ്റാലിന്റെ നിർദ്ദേശത്തോട് യോജിച്ചിട്ടില്ലെന്നാണ് മമതാ ബാനർജി പറഞ്ഞിട്ടുള്ളത്.
ടി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു കഴിഞ്ഞ ദിവസം സ്റ്റാലിനുമായി നടത്തിയ ചർച്ചയിൽ സഖ്യസാദ്ധ്യതകൾ ആരാഞ്ഞിരുന്നു. കോൺഗ്രസ് പക്ഷം വിട്ട് മൂന്നാം ചേരിയിലേക്ക് വരാനുള്ള റാവുവിന്റെ ക്ഷണം തള്ളിയ സ്റ്റാലിൻ റാവുവിനെ കോൺഗ്രസ് മുന്നണിയിലേക്ക് ക്ഷണിച്ചു എന്നാണ് സൂചന. റാവു സ്വകാര്യമായി കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലിനെയും ഗുലാം നബി ആസാദിനെയും ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.
രാഹുലും പ്രിയങ്കയും ചേർന്ന് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഠിനാദ്ധ്വാനം നടത്തുമ്പോഴും പ്രാദേശിക നേതാക്കളുടെ ഈ നിലപാടുകൾ കണക്കിലെടുത്താണ് പ്രധാനമന്ത്രി പദത്തിനായി വാശിപിടിക്കണ്ട എന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് അയഞ്ഞത്.