modi

ന്യൂഡൽഹി: തന്റെ ഹെലികോപ്ടർ ബംഗാളിൽ ഇറക്കാൻ മമത ബാനർജി അനുവദിക്കുമോ എന്ന് കണ്ടുതന്നെ അറിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. മുൻകാലങ്ങളിലെ മമതയുടെ നിലപാട് കണക്കിലെടുക്കുമ്പോൾ അങ്ങനെ സംഭവിക്കാൻ സാദ്ധ്യതയില്ലെന്നും മോദി കൂട്ടിച്ചേർത്തു. ഉത്തർ പ്രദേശിലെ മൗവിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

കൊൽക്കത്തയിലെ വിദ്യാസാഗർ പ്രതിമ തകർക്കപ്പെട്ടതിനെ കുറിച്ചും മോദി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. തൃണമൂൽ കോൺഗ്രസ് തകർത്ത പ്രതിമ താൻ പുനർനിർമ്മിക്കുമെന്നും മോദി ജനങ്ങൾക്ക് ഉറപ്പ് നൽകി. ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ ദർശനങ്ങളോട് ബി.ജെ.പിക്ക് കൂറുണ്ടെന്നും പ്രതിമ നിന്ന സ്ഥലത്ത് തന്നെ അത് പുനർനിർമ്മിക്കുമെന്നും മോദി പറഞ്ഞു.

അമിത് ഷായുടെ റാലി പുരോഗമിക്കുന്നതിനിടെ ചൊവാഴ്ചയാണ് കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിൽ ബി.ജെ.പി. പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ എട്ടുമുട്ടുന്നത്. തുടർന്നുണ്ടായ സംഘർഷത്തിൽ ബംഗാളിലെ സാംസ്‌കാരിക നായകനും തത്വചിന്തകനുമായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെടുകയുണ്ടായിരുന്നു. എന്നാൽ ഇരു പാർട്ടിയുടെയും പ്രവർത്തകർ പ്രതിമ തകർക്കപ്പെട്ടതിന് പരസ്പരം കുറ്റപ്പെടുത്തുകയാണുണ്ടായത്. അതേസമയം,​ ഗേറ്റുകൾ തകർക്കപ്പെട്ടതിന്റെയും ബി.ജെ.പി. പ്രവർത്തകർ സർവകലാശാലയുടെ അകത്ത് പ്രവേശിച്ചതിന്റെയും തെളിവുകളുമായി തൃണമൂൽ പ്രവർത്തകരും രംഗത്തെത്തി.