പേരൂർ രഞ്ജിത്ത് ജോൺസൺ വധക്കേസിൽ ഉൾപ്പെട്ട ഏഴ് പ്രതികൾക്കും കൊല്ലം അഡിഷണൽ സെഷൻസ് കോടതി നൽകിയ ശിക്ഷ അപൂർവത്തിൽ അപൂർവമാകുന്നത് അതിന്റെ കാർക്കശ്യം കൊണ്ടാണ്. പ്രതികളിലൊരാൾക്കുപോലും ശിക്ഷാകാലയളവിൽ ഒരുവിധ ഇളവുകളോ പരോളോ നൽകരുതെന്നാണ് കോടതിയുടെ തീർപ്പ്. രഞ്ജിത് ജോൺസനെ കഴിഞ്ഞവർഷം ആഗസ്റ്റ് 15ന് വീട്ടിൽ നിന്നു സൂത്രത്തിൽ വിളിച്ചിറക്കിക്കൊണ്ടുപോയി അതിക്രൂരമാംവിധം പീഡനമുറകൾക്ക് വിധേയനാക്കിയശേഷം ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ് പ്രതികൾ ആ യുവാവിനോട് ചെയ്തുകൂട്ടിയത്. ഒരിക്കൽ തങ്ങളിലൊരാളായി നടന്നിരുന്ന സുഹൃത്തിനെയാണ് ഈവിധം പ്രതികൾ ചിത്രവധം ചെയ്ത് പ്രതികാരദാഹം തീർത്തത്. വിവിധ വകുപ്പുകളിലായി പ്രതികൾ ഇരുപത്തഞ്ചുവർഷം ജയിൽവാസം അനുഭവിക്കണമെന്നാണ് വിധി. കുറ്റകൃത്യത്തിന്റെ സ്വഭാവവും രീതിയും നോക്കിയാൽ പ്രതികൾ അർഹിക്കുന്ന ശിക്ഷ തന്നെയാണ് അവർക്ക് ലഭിച്ചിട്ടുള്ളതെന്ന് ആർക്കും ബോദ്ധ്യമാകും.
ശിക്ഷാവിധിയുടെ അപൂർവതകൊണ്ടുമാത്രമല്ല, രഞ്ജിത്ത് ജോൺസൺ വധക്കേസ് ശ്രദ്ധേയമാകുന്നത്. തുമ്പില്ലാതെ പോകുമായിരുന്ന ഈ കേസ് അന്വേഷണം സബ് ഇൻസ്പെക്ടർ വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ വൈഭവം കൊണ്ടാണ് കൊലനടന്ന് ദിവസങ്ങൾക്കകം പ്രതികളെ ഒന്നടങ്കം അറസ്റ്റ് ചെയ്ത് നീതിപീഠത്തിനു മുമ്പിലെത്തിക്കാനും അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനും സാധിച്ചത്. ആദ്യപ്രതി അറസ്റ്റിലായി എൺപത്തിരണ്ടാം ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനായതിലൂടെ പ്രതികളിലാർക്കും തന്നെ ജാമ്യത്തിൽ പുറത്തുവരാനുള്ള അവസരംപോലും ഇല്ലാതായിരുന്നു. ഇരുപത്തഞ്ചുവർഷം ഒരുവിധ ശിക്ഷാ ഇളവും പാടില്ലെന്ന് വിചാരണകോടതിയുടെ നിർദ്ദേശം കൂടി എത്തിയതോടെ മേൽക്കോടതി കനിഞ്ഞാലേ ഇനി പുറംലോകം കാണാനാവൂ.
കൊലപാതകം ഉൾപ്പെടെയുള്ള കൊടിയ കുറ്റകൃത്യങ്ങളിൽ പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുമ്പോഴാണ് നിയമത്തിലും നീതിന്യായ സംവിധാനത്തിലുമുള്ള സമൂഹത്തിന്റെ വിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുന്നത്. കൈയിൽ പണവും വാദിക്കാൻ പ്രഗല്ഭ അഭിഭാഷകരുമുണ്ടെങ്കിൽ ആരെയും കൊല്ലാമെന്ന ചിന്താഗതി വളർന്നുവരാൻ കാരണം കുറ്റം ചെയ്താലും ശിക്ഷയിൽ നിന്ന് ഊരിപ്പോരാൻ പഴുതുകൾ ധാരാളമുണ്ടെന്നുള്ളതുകൊണ്ടാണ്. അന്വേഷണ ഉദ്യോഗസ്ഥർ സത്യസന്ധരും പ്രലോഭനങ്ങൾക്ക് വഴങ്ങാത്തവരുമാണെങ്കിൽ ഏതു കേസും വേഗത്തിൽ തെളിയും. മുകളിൽ നിന്ന് ആരും ഇടപെടാതിരുന്നാൽ മതി കുറ്റമറ്റ കുറ്റപത്രം തയ്യാറാക്കുന്നതിനൊപ്പം മിടുക്കരായ പബ്ളിക് പ്രോസിക്യൂട്ടർമാരുടെ സേവനം കൂടിയുണ്ടെങ്കിൽ പ്രതികൾക്ക് കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ചുള്ള ശിക്ഷയും ലഭിക്കും. കൊലക്കേസുകൾ സമയബന്ധിതമായി തീർപ്പാക്കപ്പെടുമ്പോഴാണ് ഇരകൾക്ക് നീതി ലഭ്യമാകുന്നത്. നിർഭാഗ്യവശാൽ ഒട്ടുമിക്ക കേസുകളിലും നിയമ നടപടികൾ വർഷങ്ങൾ നീണ്ടുപോകാറുണ്ട്. സംഭവം തന്നെ വിസ്മൃതമാകുന്ന ഘട്ടത്തിലെത്തുമ്പോഴായിരിക്കും വിചാരണയ്ക്കുള്ള നടപടികൾ ആരംഭിക്കുന്നത്. ഇരകളോട് ചെയ്യുന്ന മഹാപാതകമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. കുറ്റപത്രം തയ്യാറാക്കുന്നതിൽ അറിഞ്ഞും അറിയാതെയും വരുന്ന കാലതാമസം മുതൽ എത്രയോ പ്രതികൂല ഘടകങ്ങൾ പ്രതികളുടെ അദൃശ്യ സഹായത്തിനെത്തും. നീതിയും കാത്ത് ഇക്കാലമത്രയും പ്രതികളും അവരുടെ ആളുകളും ഇരകളെ പലവിധത്തിലും സമ്മർദ്ദത്തിലാക്കിക്കൊണ്ടിരിക്കുകയാകും. രഞ്ജിത്ത് ജോൺസൺ വധക്കേസിൽ ഒരു വർഷം എത്തുന്നതിനു മുമ്പേതന്നെ വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിക്കാൻ കഴിഞ്ഞത് പൊലീസിനും പ്രോസിക്യൂഷനും ഏറെ അഭിമാനിക്കാൻ വകയുള്ളതാണ്.
രഞ്ജിത്ത് ജോൺസൺ കൊലക്കേസിൽ അറസ്റ്റും വിചാരണയും വിധി പ്രഖ്യാപനവുമെല്ലാം വളരെ വേഗത്തിലുണ്ടായെങ്കിലും അനേക വർഷമെടുത്താലും പൂർത്തിയാകാത്ത ധാരാളം കേസുകൾ കോടതികളിലുള്ള വസ്തുത മറന്നുകൂടാ. കൊലക്കേസിൽ കോടതിയിൽ സമർപ്പിച്ച ആറ് സുപ്രധാന രേഖകൾ കോടതിയുടെ റെക്കാഡ് മുറിയിൽ നിന്ന് അപ്രത്യക്ഷമായതിനെത്തുടർന്ന് വിചാരണ മുടങ്ങിക്കിടക്കുന്ന ഒരു കേസിനെക്കുറിച്ചുള്ള വാർത്ത വന്നത് ഈ അടുത്ത ദിവസമാണ്. തിരുവനന്തപുരത്താണിത്. തമ്പാൻ ശ്രീകുമാർ കൊലക്കേസ് നടന്നത് 2006ലാണ്. പതിമ്മൂന്ന് വർഷം കഴിഞ്ഞിട്ടും കേസിൽ വിചാരണ നീണ്ടുപോകുന്നതിൽ കോടതി തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ നഷ്ടമായ കാര്യം സെഷൻസ് കോടതിയിൽ നിന്ന് ഹൈക്കോടതിയെ അറിയിച്ച് കാത്തിരിക്കുകയാണിപ്പോൾ. മ്യൂസിയം പൊലീസ് 2007 ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ ഇനി എന്ന് വിചാരണ തുടങ്ങാനാവുമെന്ന് ആർക്കും പറയാനാവില്ല. ഇതുപോലെ പല കാരണങ്ങളാൽ എത്രയെത്ര കേസുകളാണ് വിവിധ കോടതികളിൽ തീർപ്പാക്കാൻ കിടക്കുന്നത്. കേസിൽ അതിവേഗം തീർപ്പുണ്ടാകുന്നത് വലിയ വാർത്തയാണിപ്പോൾ. അതുപോലെ കാലദൈർഘ്യവും കേസിൽ വിധി കാത്തിരിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുകയാണ്. വൈകി എത്തുന്ന നീതി, നീതി നിഷേധിക്കുന്നതിനു തുല്യമാണെന്ന് എല്ലാവരും പറയാറുണ്ട്. പക്ഷേ, പറഞ്ഞിട്ടു ഫലമൊന്നുമില്ല. വിചാരണയും ശിക്ഷയുമൊക്കെ മന്ദം മന്ദമാണ് നടന്നെത്തുന്നത്.