-pragya-thakur

ഭോപ്പാൽ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലചെയ്ത നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന് അവകാശപ്പെട്ട് ബി.ജെ.പിയുടെ ഭോപ്പാൽ സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് താക്കൂർ. ഗോഡ്‌സെ ദേശഭക്തനാണെന്നും, എന്നും അതങ്ങനെ തന്നെ ആയിരിക്കുമെന്നുമായിരുന്നു പ്രഗ്യായുടെ പരാമർശം. ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെ ആണെന്ന നടൻ കമലഹാസന്റെ പ്രസ്താവനയ്ക്ക് മറുപടി എന്നോണമാണ് പ്രഗ്യാ സിംഗിന്റെ പരാമർശം.

ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവർ അദ്ദേഹത്തിന്റെ ഉളളിലേക്ക് നോക്കാൻ തയാറാകണമെന്നും പുറമേ നിന്ന് മാത്രം നോക്കാൻ പാടില്ലെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ഇങ്ങനെ ചിന്തിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കുമെന്നും അവർ കൂട്ടിചേർത്തു.

അതേസമയം,​ പ്രഗ്യാ സിംഗിന്റെ പ്രസ്താവന തളളി ബി.ജെ.പി രംഗത്തെത്തി. ബി.ജെ.പിയുടെ നിലപാടല്ല പ്രഗ്യാ പറഞ്ഞതെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു. പ്രഗ്യാ സിംഗ് മാപ്പ് പറയേണ്ടതാണെന്നും ബി.ജെ.പി അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം,​ ഗാന്ധിക്ക് നേരെ ബി.ജെ.പി വാക്കുകൾ കൊണ്ട് വീണ്ടും അപമാനിക്കുകയാണെന്നും ഗാന്ധിയെ അപമാനിച്ചവർക്ക് രാജ്യം മാപ്പ് നൽകില്ലെന്നും കോൺഗ്രസ് തിരിച്ചടിച്ചു.