kalyan

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ സഫ്ദർജംഗ് വിമാനത്താവളത്തിലേക്ക് ഭൂഗർഭ തുരങ്കം. ആദ്യമായി ഈ തുരങ്കത്തിലൂടെ യാത്ര ചെയ്‌തത് നരേന്ദ്രമോദി. ഔദ്യോഗിക വസതിയിൽ നിന്ന് കോൺഫറൻസ് ഹാൾ സമുച്ചയമായ പഞ്ചവടിയിലേക്ക് പ്രധാനമന്ത്രിക്ക് എത്താൻ ബുള്ളറ്റ് പ്രൂഫ് ഗ്ളാസ് ട്യൂബ്...

നമ്പർ സെവൻ, ലോക് കല്യാൺ മാർഗ്.

അടുത്ത വ്യാഴാഴ്‌ച, പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോഴറിയാം, ഈ മേൽവിലാസത്തിന്റെ അടുത്ത അവകാശി ആരാകുമെന്ന്!

ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതി. പഴയ പേര് നമ്പർ സെവൻ, റേസ് കോഴ്സ് റോ‌ഡ്. 2016 സെപ്‌തംബറിൽ റോഡിന്റെ പേര് കല്യാൺ മാർഗ് എന്നു മാറിയതോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരും മാറി. അടുത്ത അഞ്ചു വർഷം രാജ്യശ്രദ്ധയുടെ പൂമുഖമായി മാറുന്ന ഈ മേൽവിലാസത്തിലേക്ക് ആര് നടന്നു കയറും?

ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഔദ്യോഗിക വസതി തീൻ മൂർത്തി ഭവൻ ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ആർമി കമാൻഡർ ഇൻ ചീഫിന്റെ ഔദ്യോഗിക വസതിയായിരുന്നു അത്. ഫ്ളാഗ് സ്റ്റാഫ് ഹൗസ് എന്ന് അറിയപ്പെട്ടിരുന്ന ബംഗ്ളാവിന്റെ പേര് നെഹ്‌റുവിന്റെ വരവോടെ തീൻമൂർത്തി ഭവൻ ആയി. 1964-ൽ നെഹ്‌റുവിന്റെ മരണശേഷം, തീൻമൂർത്തി ഭവൻ നെഹ്‌റു സ്‌മാരക മ്യൂസിയവും ലൈബ്രറിയുമായി.

ലാൽബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായപ്പോൾ താമസം നമ്പർ ടെൻ ജൻപഥിലേക്കു മാറ്റി. 1964 മുതൽ 66 വരെ ശാസ്‌ത്രി അവിടെ തുടർന്നു. നമ്പർ ടെൻ ജൻപഥ് പിന്നീട് കോൺഗ്രസിന് അനുവദിക്കപ്പെട്ടു. കെട്ടിടത്തിന്റെ ഒരു ഭാഗം ഇന്ന് ലാൽ ബഹാദൂർ ശാസ്ത്രി മ്യൂസിയമാണ്. ജൻപഥ് പത്താം നമ്പർ വസതിയിലെ ഇപ്പോഴത്തെ താമസക്കാരി,​ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോൾ സഫ്‌ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയായിരുന്നു ഔദ്യോഗിക ബംഗ്ളാവ്. ഇവിടെ നിന്ന് പൂന്തോട്ടത്തിലൂടെ തൊട്ടടുത്ത അക്ബർ റോഡ് ഓഫീസിലേക്കു വരുമ്പോഴാണ് ഇന്ദിര സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചത്. വസതി പിന്നീട് ഇന്ദിരാ ഗാന്ധി സ്‌മാരക മ്യൂസിയമായി. രാജീവ് ഗാന്ധിയാണ് നമ്പർ സെവൻ റേസ് കോഴ്സ് വീണ്ടും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കി താമസം തുടങ്ങിയത്. വി.പി. സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത്,​ 1990 മെയ് 30 ന് ഈ വസതി പ്രധാനമന്ത്രിമാരുടെ സ്ഥിരം ഔദ്യോഗിക വസതിയാക്കി ഉത്തരവിറങ്ങി.

പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് ഒഴിഞ്ഞതിനു ശേഷം കുറേനാൾ നമ്പ‌ർ സെവൻ റേസ് കോഴ്സ് വസതി അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടു. പ്രധാനമന്ത്രി പദമേറ്റ നരേന്ദ്രമോദി നമ്പർ ഫൈവ് റേസ്കോഴ്സ് ഔദ്യോഗിക ബംഗ്ളാവാക്കുകയും ചെയ്‌തു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായി അറിയപ്പെടുന്ന നമ്പർ സെവൻ ലോക് കല്യാൺ മാർഗ് യഥാർത്ഥത്തിൽ ആറു ബംഗ്ളാവുകളുടെ സമുച്ചയമാണ്. ലോക് കല്യാൺ റോഡിലെ ഒന്ന്,​ മൂന്ന്,​അഞ്ച്,​ ഏഴ്,​ ഒമ്പത്,​ പതിനൊന്ന് എന്നീ വസതികൾ ചേർന്നതാണ് ഈ ഔദ്യോഗിക വസതി. ആകെ പന്ത്രണ്ട് ഏക്കർ. ബ്രിട്ടീഷ് ആർക്കിടെക്റ്റ് എഡ്വിൻ ലുട്യൻ 1920 കളിൽ ന്യൂ‌ഡൽഹിയുടെ രൂപകല്‌പന നിർവഹിച്ചപ്പോൾ, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന റോബർട്ട് ടർ റസ്സൽ ആണ് ഈ ബംഗ്ളാവുകളുടെ വാസ്‌തുശില്‌പി.

പ്രധാനമന്ത്രിക്ക് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള ഹെലിപ്പാഡ് ഒന്നാം നമ്പർ ബംഗ്ളാവിലാണ്. മൂന്നാം നമ്പർ ബംഗ്ളാവ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക അതിഥികൾക്കു താമസിക്കാനുള്ള മന്ദിരം. നമ്പർ സെവൻ ലോക് കല്യാൺ മാർഗിന്റെ പൂർണ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി)​ പ്രവർത്തനം ഒമ്പതാം നമ്പർ

ബംഗ്ളാവ് കേന്ദ്രീകരിച്ച്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ സെവൻ ലോക് കല്യാൺ മാർഗിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം ഡൽഹി സഫ്ദർജംഗ് എയർപോർട്ടിലേക്ക് ഭൂഗർഭ ടണലുണ്ട്. വിമാനമിറങ്ങി,​ ഈ ടണൽ വഴി പ്രധാനമന്ത്രിക്ക് നേരെ വീട്ടിലെത്താം. 2010- ൽ തുടങ്ങിയ ഭൂഗർഭ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായത് 2014-ൽ. ഈ തുരങ്കം വഴി ആദ്യം യാത്ര ചെയ്‌തത് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

നമ്പർ സെവൻ റേസ് കോഴ്സിൽ,​ പ്രധാനമന്ത്രിയുടെ ആരോഗ്യ സുരക്ഷയ്‌ക്കായി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഒരു സംഘം ഡോക്‌ടർമാരും നഴ്സുമാരും ഉൾപ്പെട്ട വിദഗ്‌ദ്ധ സംഘം ഇരുപത്തിനാലു മണിക്കൂറും ഡ്യൂട്ടിയിലുണ്ട്. മുടങ്ങാത്ത വൈദ്യുതിബന്ധം ഉറപ്പാക്കാൻ പ്രത്യേക പവർ സ്റ്റേഷൻ.

ഇവിടെയാണ്

പഞ്ചവടി

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സമുച്ചയത്തിൽ ഉൾപ്പെട്ട പഞ്ചവടി,​ പ്രധാന കോൺഫറൻസുകൾക്കുള്ള ഇടമാണ്. 2001-ൽ പണികഴിപ്പിച്ച ഈ ഓഡിറ്റോറിയം ആവശ്യാനുസരണം രണ്ടോ മൂന്നോ കോൺഫറൻസ് ഹാളുകളാക്കി മാറ്റാം. അടിയന്തര കാബിനറ്റ് മീറ്റിംഗ് ചേരാനുള്ള സൗകര്യവുമുണ്ട്,​ പഞ്ചവടിയിൽ.

സി.ആർ.പി.എഫ്,​ ഡൽഹി പെലീസ് ഭടന്മാർ ഉൾപ്പെട്ട എസ്.പി.ജിയുടെ പൂർണ നിയന്ത്രണത്തിലാണ് ലോക് കല്യാൺ മാർഗ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സമുച്ചയത്തിലേക്ക് ഒറ്റ പ്രവേശന കവാടം മാത്രം. പ്രധാനമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിമാർ നൽകുന്ന പട്ടികയിൽ പേരുള്ളവർക്കു മാത്രമാണ് പ്രവേശനം. പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ ഒഴികെ,​ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിനു പോലും നമ്പർ സെവൻ ലോക് കല്യാൺ സമുച്ചയത്തിലേക്കു കടക്കണമെങ്കിൽ നടപടിക്രമങ്ങൾ പാലിക്കണം.

പുറത്തു നിന്നുള്ള വാഹനങ്ങൾക്ക് ചെക്പോസ്റ്റിനപ്പുറം പ്രവേശനമില്ല. കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ ഏറ്റവും പ്രമുഖരുടെ വാഹനങ്ങൾക്കു പോലും ചെക് പോയിന്റിലെ പാർക്കിംഗ് ഏരിയ വരെയേ എത്താനാകൂ. അവിടെ നിന്ന് എസ്.പി.ജിയുടെ പ്രത്യേക വാഹനത്തിൽ അതിഥികളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തിക്കുകയാണ് ചെയ്യുക.

പ്രധാനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2003-ൽ നമ്പർ ത്രീ ലോക് ‌കല്യാൺ മാർഗ് ബംഗ്ളാവിൽ നിന്ന് കോൺഫറൻസ് റൂം സമുച്ചയമായ പഞ്ചവടിയിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് ഗ്രാസ് ട്യൂബ് പണി തീർത്തു. ഇതുവഴിയാണ് സുപ്രധാന മീറ്റിംഗുകൾക്ക് താമസ സ്ഥലത്തു നിന്ന് പ്രധാനമന്ത്രി എത്തുക. ഇതിനു പുറമേ,​ പ്രധാന റോഡിൽ നിന്ന് പഞ്ചവടിയെ വേർതിരിക്കുന്ന കനത്ത കോൺക്രീറ്റ് മതിലുമുണ്ട്. ട്രക്ക് ബോംബ് ആക്രമണം പോലുള്ള ഭീഷണികളെപ്പോലും ചെറുക്കാൻ തക്ക ഉറപ്പുള്ളതാണ് ഈ മതിൽ.