ഭോപ്പാൽ : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് പറഞ്ഞതിൽ പരസ്യമായി മാപ്പു പറഞ്ഞ് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂർ.
'ഞാൻ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആരെയും വേദനിപ്പിക്കാനോ വികാരം വ്രണപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല അത്. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. ഗാന്ധിജി രാജ്യത്തിന് നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖാനിക്കുകയായിരുന്നു'- പ്രജ്ഞ പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന മക്കൾ നീതി മെയ്യം നേതാവ് കമലഹാസന്റെ പ്രസ്‌താവനയ്ക്കെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് പ്രജ്ഞ വിവാദ പരാമർശം നടത്തിയത്.
'നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, ഇപ്പോഴും ആണ്. എന്നും അങ്ങനെയായിരിക്കും. അദ്ദേഹത്തെ ഭീകരവാദിയെന്നു വിളിക്കുന്നവർ സ്വയം ഉള്ളിലേക്ക് നോക്കണം. അവർക്ക് തക്ക മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കും'-
സാധ്വി പറഞ്ഞു.
പരാമർശത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വൻ പ്രതിഷേധം ഉയർന്നു. പ്രജ്ഞയെ തള്ളിയ ബി.ജെ.പി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വിവാദപ്രസ്താവന പിൻവലിച്ച് പ്രജ്ഞാ സിംഗ് ഠാക്കൂർ മാപ്പു പറയുകയായിരുന്നു.
മാലഗാവ് സ്ഫോടനകേസിൽ പ്രതിയായ പ്രജ്ഞ ഇത്തരം വിവാദ പ്രസ്താവനകൾ പലതവണ നടത്തിയിട്ടുണ്ട്. മുംബയ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെയെ ശപിച്ചിരുന്നെന്നും അയോദ്ധ്യയിൽ ബാബ്റി മസ്ജിദ് പൊളിച്ചതിൽ താനും പങ്കെടുത്തിരുന്നുവെന്നും പ്രജ്ഞ പ്രസ്താവിച്ചിരുന്നു. തുടർന്ന് പ്രചാരണത്തിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രജ്ഞയെ വിലക്കിയിരുന്നു.
പ്രതിഷേധം ആളികത്തിയതോടെ പ്രജ്ഞാ സിംഗിനെ തള്ളി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. വിവാദ പരാമർശത്തോട് യോജിക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു. 'പ്രസ്താവനയെ അപലപിക്കുന്നു. അരോട് പാർട്ടി വിശദീകരണം തേടും. പൊതുസമൂഹത്തോട് അവർ മാപ്പ് പറയണമെന്നും' അദ്ദേഹം വ്യക്തമാക്കി.
രൂക്ഷ വിമർശനവുമായി കോൺഗ്രസ്
വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി ഭരണകൂടത്തിന്റെ സഹായത്തോടെ ഗോഡ്‌സെയുടെ പിൻഗാമികൾ ഇന്ത്യയുടെ ആത്മാവ് അക്രമിക്കുന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയവരെ യഥാർത്ഥ ദേശസ്‌നേഹിയായും രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച കർക്കറയെ പോലുള്ളവരെ ദേശവിരുദ്ധരായും ബി.ജെ.പി നേതാക്കൾ വിശേഷിപ്പിക്കുന്നുവെന്നും രൺദീപ് സിങ് സുർജേവാല ആരോപിച്ചു.
'ഗോഡ്‌സെ ഒരു കൊലപാതകിയാണ്. അയാൾ രാജ്യസ്‌നേഹിയല്ല രാജ്യദ്രോഹിയാണ്.
അയാളെ പുകഴ്ത്തുന്നത് രാജ്യസ്‌നേഹം അല്ല രാജ്യദ്രോഹമാണ്. മോദിയും അമിത് ഷായും ബി.ജെ.പിയും രാജ്യത്തോട് മാപ്പ് പറയണം.'
-ദിഗ്‌വിജയ് സിംഗ് , ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി