കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നു എന്ന് സ്ഥിരീകരിച്ച 4 ബൂത്തുകളിൽ 19ന് റീപോളിംഗ് നടക്കും. കാസർകോട് ലോകസഭ മണ്ഡലത്തിലെ കണ്ണൂർ ജില്ലയിൽപെട്ട കല്യാശ്ശേരി, തളിപ്പറമ്പ് പാമ്പുരിത്തിയിലെ നിയമസഭാ മണ്ഡലത്തിലെ ബൂത്തുകളിലാണ് റിപോളിംഗ് നടക്കുന്നത്. കണ്ണൂരിലെ കല്യാശ്ശേരിയിൽ 19, 69, 70, തളിപ്പറമ്പ് പാമ്പുരിത്തിയിലെ 166 എന്നീ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്.
സി.പി.എമ്മിന്റെ ചെറുതാഴം പഞ്ചായത്ത് അംഗം, ഒരു മുൻ അംഗം, മറ്റൊരു പ്രവർത്തക എന്നിവർ വ്യാജ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ യു.ഡി.എഫ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി നൽകികൊണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. കള്ളവോട്ട് പരാതിയുടെ അടിസ്ഥാനത്തിൽ റീപോളിംഗ് നടക്കുന്ന സംഭവം രാജ്യത്തതന്നെ ആദ്യത്തേതാണ്.
ഫല പ്രഖ്യാപനം നടക്കുന്ന 23ന് മുമ്പായി തിരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങളാണ് നടന്നുവരുന്നത്. സി.പി.എമ്മിനെ സംബന്ധിച്ചേടത്തോളം റീപോളിംഗ് നടക്കുന്നത് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കാൻ പോകുന്നത്.