ന്യൂഡൽഹി: ഗാന്ധിഘാതകൻ നാഥുറാം വിനായക ഗോഡ്സേ രാജ്യസ്നേഹിയാണെന്ന പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പരാമർശം ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിച്ചുവെന്ന് കോൺഗ്രസ്. പ്രഗ്യയുടെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതും ഗാന്ധിജിയുടെ പ്രത്യയശാസ്ത്രത്തെ അധിക്ഷേപിക്കുന്നതാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഗാന്ധിജിക്ക് നേരെ വാക്കുകൾ കൊണ്ട് വെടിയുതിർക്കുകയാണ് ബി.ജെ.പി. ഇതിന് രാജ്യം മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു
അതേസമയം പ്രഗ്യ സിഗിന്റെ പ്രസ്താവനയോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നിലപാട് വ്യക്തമാക്കി മാപ്പ് പറയണമെന്ന് ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ ദ്വിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു. പ്രഗ്യയുടെ പ്രസ്താവനയെ താൻ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗോഡ്സേ ഒരു കൊലയാളിയാണ്. അയാളെ പ്രകീർത്തിക്കുന്നത് ദേശസ്നേഹമല്ല രാജ്യദ്രോഹമാണെന്നും ദ്വിഗ് വിജയ് സിംഗ് കൂട്ടിച്ചേർത്തു.