അബഹ: സൗദിയിൽ മോഷണക്കേസിൽ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ കോടതി ഉത്തരവ്. സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതിയുടേതാണ് വിധി.

സൗദിയിലെ തെക്കുഭാഗത്തെ അബഹയിലെ പ്രമുഖ റസ്റ്റോറന്റിലെ ലോക്കറിൽ നിന്ന് 1,10,000 റിയാൽ കാണാതായ കേസിൽ പിടിയിലായ ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് കോടതി ഉത്തരവിട്ടത്. റംസാൻ പതിനേഴിനകം അപ്പീലിൽ നൽകാൻ കോടതി അനുവാദം നൽകിയിട്ടുണ്ട്.

ഒപ്പം ജോലി ചെയ്തിരുന്നവർ സാക്ഷി പറയുകയും യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഒളിപ്പിച്ചുവച്ച മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്ഥർ കുളിമുറിയിൽ നിന്ന് കണ്ടെത്തി. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശരീഅത്ത് നിയമം അനുസരിച്ചുള്ള ശിക്ഷ കോടതി വിധിക്കുകയായിരുന്നു.

ഇതേ റസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാർത്ഥം നാട്ടിൽ പോയപ്പോൾ ഈ യുവാവ് ജാമ്യം നിന്നിരുന്നു. എന്നാൽ അയാൾ തിരിച്ച് വരാതിരുന്നതോടെ സ്‌പോൺസർ ഇയാളിൽ നിന്ന് 24,000 റിയാൽ ഈടാക്കി. ഇതിന് പകരമായി സ്‌പോൺസറുടെ റസ്റ്റോറന്റിൽ നിന്ന് 24,000 റിയാൽ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് കോടതിയിൽ പറഞ്ഞു.