കൊൽക്കത്ത: തിരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനം. മമതയുടെ ഭരണത്തിൽ ജനം സഹികെട്ടിരിക്കുകയാണെന്നും ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. ബംഗാളിൽ ജയ് ശ്രീറാം വിളി കുറ്റകരമാക്കിയിരിക്കുകയെന്നും മോദി ആരോപിച്ചു. .
രാജ്യത്തിന്റെ പ്രധാനമന്ത്രിയായ തന്നെ മമതാ ബാനർജി ഭീഷണിപ്പെടുത്തുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രിയെ പ്രശംസിക്കുന്ന മമതയെ തിരിച്ചറിയാൻ ബംഗാളിലെ ജനങ്ങൾ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു.
ബംഗാളി നവോത്ഥാനനായകൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതുമായി ബന്ധപ്പെട്ട് മമതാ ബാനർജിയും മോദിയും പരസ്പരം ഏറ്റുമുട്ടിയിരുന്നു. മോദി ഭ്രാന്തനെപ്പോലെ സംസാരിക്കുകയാണെന്നും പ്രതിമ പുനർനിർമ്മിക്കാൻ ബംഗാൾ സർക്കാരിനറിയാമെന്നും മമത പറഞ്ഞു. പ്രതിമ പഞ്ചലോഹങ്ങൾ കൊണ്ട് പുനർനിർമിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനോടായിരുന്നു മമതയുടെ പ്രതികരണം. ഇങ്ങനെ കള്ളം പറയാൻ മോദിക്ക് നാണമില്ലെ എന്നും ആരോപണങ്ങൾ തെളിയിച്ചില്ലെങ്കിൽ മോദിയെ ജയിലിലടക്കാൻ തങ്ങൾക്കറിയാമെന്നും മമത പറഞ്ഞു.