ബി.ജെ.പിക്കും കോൺഗ്രസിനും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ പിൻബലമില്ലാത്ത സാഹചര്യമുണ്ടായാൽ, നരേന്ദ്രമോദിയോ രാഹുൽ ഗാന്ധിയോ അല്ലാതെ, ഒരു അപ്രതീക്ഷിത പ്രധാനമന്ത്രിയെ പതിനേഴാം ലോക്‌സഭ പ്രതീക്ഷിക്കുന്നുണ്ട്! അത് ബംഗാൾ കടുവ മമതാ ബാനർജിയുടെ മുഖമാകാം, യു.പിയിൽ നിന്ന് ബെഹൻ മായാവതിയുടെ മുഖമാകാം... അല്ലെങ്കിൽ 1996-ൽ ഹരദനഹള്ളി ദൊഡ്ഡെഗൗഡ ദേവഗൗഡയെന്ന എച്ച്.ഡി ദേവഗൗഡയെപ്പോലെ ഒരു അപ്രതീക്ഷിതമുഖം പോലുമാകാം.
അന്ന് സംഭവിച്ചത്
1996-ൽ പതിനൊന്നാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പിറന്നത് തൂക്കുസഭ. 1998-ൽ അടുത്ത പൊതു തിരഞ്ഞെടുപ്പു വരെ രാജ്യം കണ്ടത് മൂന്ന് പ്രധാനമന്ത്രിമാരെ- എ.ബി. വാജ്പേയി, എച്ച.ഡി. ദേവഗൗഡ, ഐ.കെ ഗുജ്‌റാൾ.
96-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടതു തന്നെ പാർട്ടിയിലെ സൗമ്യമുഖമായ എ.ബി. വാജ്‌പേയിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചായിരുന്നു. നിർഭാഗ്യവശാൽ ആ തിരഞ്ഞെടുപ്പിൽ ഉറപ്പുള്ള സർക്കാർ രൂപീകരിക്കാനുള്ള അംഗബലം ബി.ജെ.പിക്കു ലഭിച്ചില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ (161 അംഗങ്ങൾ) അന്ന് രാഷ്‌ട്രപതി ശങ്കർദയാൽ ശർമ്മ ബി.ജെ.പിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുകയും, വാജ്പേയി പ്രധാനമന്ത്രിയാവുകയും ചെയ്‌തു. പക്ഷേ, സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ പതിനാറു ദിവസങ്ങൾക്കു ശേഷം വാജ്പേയി സർക്കാർ നിലംപതിച്ചു. 1996 മേയ് 16 മുതൽ ജൂൺ ഒന്ന് വരെയായിരുന്നു ആ കാലയളവ്.
അങ്ങനെയാണ് ദേവഗൗഡ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ ബി.ജെ.പി- കോൺഗ്രസ് ഇതര പാർട്ടികൾ ചേർന്ന ഐക്യ മുന്നണിയുടെ പിറവി. ജനതാദൾ, സമാജ്‌വാദി പാർട്ടി, ഡി.എം.കെ, ടി.ഡി.പി, അസം ഗണ പരിഷത്ത്, തിവാരി കോൺഗ്രസ്, തമിഴ് മാനില കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, എം.ജി.പി, നാല് ഇടതു കക്ഷികൾ എന്നിവ ചേർന്ന 13 പാർട്ടികളുടെ മുന്നണിയായിരുന്നു അത്.
98 ജൂൺ ഒന്നു മുതൽ 1997 ഏപ്രിൽ 21 വരെ നീണ്ട ദേവഗൗഡ സർക്കാരിനെ കോൺഗ്രസ് പുറത്തു നിന്ന് പിന്തുണച്ചെങ്കിലും, ഗൗഡയെ നീക്കിയില്ലെങ്കിൽ പിന്തുണ പിൻവലിക്കുമെന്ന സാഹചര്യത്തിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായായിരുന്നു, ഐ.കെ. ഗുജ്‌റാളിന്റെ വരവ്.
പ്രധാനമന്ത്രി പദത്തിലേക്ക് ജ്യോതി ബസു, എൻ. ചന്ദ്രബാബു നായിഡു, വി.പി. സിംഗ് എന്നിവരുടെ പേര് ചർച്ചയിൽ വന്നെങ്കിലും എല്ലാവരും മുഖംതിരിച്ചു. അന്ന് കസേരയിൽ ഇരുത്തപ്പെട്ട ഗുജ്‌റാളിന്റെ പദവിക്ക് 332 ദിവസമായിരുന്നു ആയുസ്സ്. ചന്ദ്രബാബു നായിഡു ആയിരുന്നു അന്നത്തെ ഐക്യ മുന്നണി കൺവീനർ.
ഐക്യ മുന്നണി അംഗമായിരുന്ന ഡി.എം.കെയ്‌ക്ക് ശ്രീലങ്കൻ വിഘടനവാദികളുമായി ബന്ധമുള്ളതായി ആരോപണമുയരുകയും, ഡി.എം.കെയെ സഖ്യത്തിൽ നിന്ന് പുറത്താക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്‌തതോടെ ആയിരുന്നു ആ സർക്കാരിന്റെ പതനം. ഗുജ്‌റാൾ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു. 1998 മാർച്ച് 19 ന് അദ്ദേഹം ഒഴിയുകയും ചെയ്‌തു.
സംഭവിക്കാവുന്നത്
1996-ലേതു പോലെ, ബി.ജെ.പിക്കോ കോൺഗ്രസിനോ സർക്കാർ രൂപീകരിക്കാനാവാത്ത സ്ഥിതി സംജാതമായാൽ പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിൽ വീണ്ടുമൊരു പരീക്ഷണ സർക്കാരാവും ഫലം. കോൺഗ്രസ് പിന്തുണയ്‌ക്കും. അന്നത്തേതു പോലെ ഇന്നും, പ്രതിപക്ഷ കക്ഷികളുടെ കോ- ഓർഡിനേറ്റർ ചന്ദ്രബാബു നായിഡു തന്നെ.
തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്ന 23-നോ ചിലപ്പോൾ അതിനു മുമ്പുതന്നെയോ ഇരുപത്തിമൂന്ന് പ്രതിപക്ഷ കക്ഷികളുടെ യോഗം ഡൽഹിയിൽ ചേരും. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോട് യോജിപ്പില്ലാത്ത മമതാ ബാനർജി ഉൾപ്പെടെയുള്ളവരെ വശത്താക്കാൻ സോണിയാ ഗാന്ധി നേരിട്ടുതന്നെ കളത്തിലിറങ്ങിയിരിക്കുന്നു. ഇനി അതു മാത്രം അറിഞ്ഞാൽ മതി, അധികാരത്തിന്റെ മുഖം ആരുടേത്?