വ്യായാമം ചെയ്യുമ്പോൾ കഴിക്കാൻ പറ്റിയ ഏറ്റവും നല്ല ഭക്ഷണം ഏതാണ് ? ആൽമണ്ട് എന്നറിയപ്പെടുന്ന ബദാമാണ് ഇതിനുളള ഉത്തരം. ഇന്ത്യയിൽ അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നീ മെട്രോ നഗരങ്ങളിൽ നടന്ന പഠനത്തിലാണ് കൗതുകകരമായ ഈ വസ്തുത വെളിവാകുന്നത്. ഈ നഗരങ്ങളിലുളള, 31ഉം 40ഉം വയസ്സിനിടയ്ക്കുളള 3066 സ്ത്രീകളും പുരുഷൻമാരും ബദാം കഴിച്ചുകൊണ്ട് വ്യായാമം ചെയ്യുന്നവരാണ്. കമ്പോള ഗവേഷണ സംരംഭമായ 'ഇപ്പ്‌സോസാണ് പഠനം നടത്തിയത്.
സ്ത്രീകളെക്കാൾ പുരുഷൻമാരാണ് വ്യായാമത്തിനിടെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. ഇവരില്‍ കൂടുതൽ പേരും വ്യായാമത്തിന് മുമ്പും പിൻപുമായാണ് ബദാം കഴിക്കുന്നത്. പേശീ രൂപീകരണത്തിനും പേശികളുടെ ഉറപ്പിനും ഏറ്റവും ആവശ്യമായ പോഷകമായ പ്രോട്ടീനാണ് ബദാമിലുളളത്.
വ്യായാമം കാരണം പേശികളിലുണ്ടാകുന്ന കേടുപാടുകൾ നേരെയാക്കി അവയെ കരുത്തുറ്റതാക്കാനും ബദാം സഹായിക്കുന്നു. പല്ലിനേയും എല്ലിനേയും ബദാം ബലമുളളതാക്കുന്നു. മാത്രമല്ല, ആന്റിഓക്‌സിഡന്റുകള്‍ കൊഴുപ്പില്ലാതാക്കി ശരീരം മെലിയാനും സഹായിക്കുന്നു. കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ബദാം ഏറെ സഹായിക്കും. എന്നാൽ ബദാം കഴിക്കുന്നവർ അത് മാത്രം കഴിച്ചാൽ വേണ്ട ഗുണം കിട്ടില്ല. ഇഷ്ടം പോലെ വെളളവും കുറച്ച് പഴങ്ങളും അതിനൊപ്പം കഴിക്കുന്നതും വ്യായാമത്തിന്റെ ഗുണം ഇരട്ടിപ്പിക്കും.