തിരുവനതപുരം: പത്ത് വർഷം മുമ്പത്തെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മിഷണർ എം.പി അജിത് കുമാറിനെ കഴിഞ്ഞായാഴ്ച സസ്പെൻഡ് ചെയ്ത നടപടി അന്തർ സംസ്ഥാന ബസ് ലോബിയുടെ ഇടപെടൽമൂലമെന്ന് ആരോപണം. പത്ത് വർഷം മുമ്പ് മോട്ടോർ വാഹന വകുപ്പിന് 6,18,596 രൂപ നഷ്ടം വരുത്തിയെന്ന ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ സോൺ ഒന്ന് ഡി.ടി.സി ആയിരുന്ന അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതത്. ഷിജു കാലയിൽ എന്നയാൾ ചീഫ് സെക്രട്ടറിക്കു 2018 ഒക്ടോബറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. പത്ത് വർഷം മുമ്പത്തെ പരാമർശത്തിന് മേൽ അന്നൊരു നടപടിയുമെടുക്കാതെ ഇപ്പോൾ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെൻഷൻ നടപടി സ്വീകരിച്ച വകുപ്പ് മന്ത്രിക്കെതിരെ മോട്ടോർ വാഹന വകുപ്പിൽ അമർഷം ശക്തമാണ്.
മധ്യകേരളത്തിൽ നിയം ലംഘിച്ചു ഓടിക്കൊണ്ടിരുന്ന അന്തർസംസ്ഥാന ബസുകളെ പരിശോധിച്ച് പിഴയടപ്പിച്ചതിന്റ പ്രതികാരമായി അന്തർ സംസ്ഥാന ബസ് ലോബി ഇടപെട്ടാണ് സസ്‌പെൻഡ് ചെയ്യിച്ചതെന്നാണ് ആരോപണം. സ്വകാര്യ ബസ് - ടിപ്പർ-ടോറസ് ഉടമ സംഘടനകളും ഇതിനുപിന്നലുണ്ടെന്ന് വിവരമുണ്ട്. അതേസമയം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അകാരണമായി ടിപ്പർ, ടോറസ് വാഹനങ്ങൾ തടഞ്ഞ് പിഴയീടാക്കുകയും ഡ്രൈവിംഗ് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യുകയുമാണെന്നും ഇതിനെതിരെ സർക്കാർ നടപടിയെടുക്കാത്തതിനാലാണ് പരാതികളുമായി മുന്നോട്ടിറങ്ങിയതെന്നും കേരള ടിപ്പർ ടോറസ് ഉടമ സംഘടനാ സെക്രട്ടറി ജോൺസൻ പടമാടൻ പറഞ്ഞു. വാർത്തയുടെ വിശദാംശങ്ങൾ ഇന്ന് രാത്രി 9 മണിക്ക് കൗമുദി ടിവി യിൽ നേർകണ്ണ് പരിപാടിയിൽ കാണാം.