bengal

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി തൃണമൂൽ കോൺഗ്രസ് പോര് സംഘ‌ർഷത്തിൽ തുടരുന്നതിനിടെ മമത ബാനർജിയ്ക്ക് വെല്ലുവിളി ഉയർത്തി സ്വന്തം പാർട്ടിയുടെ തന്നെ ആഭ്യന്തര റിപ്പോർട്ട് പുറത്ത്. ഇടത്‌ പക്ഷത്തിന്റെ വോട്ടുകൾ കൂട്ടത്തോടെ ബി.ജെ.പിയ്‌ക്ക്‌ ലഭിച്ചിട്ടുണ്ടെന്നും ഇത് ബി.ജെ.പിക്ക് വൻമുന്നേറ്റം ഉണ്ടാക്കുമെന്നും തൃണമൂൽ കോൺഗ്രസിന്റെ ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നു. തൃണമൂലിന്‌ സീറ്റുകൾ 25 താഴെ വരെ ആകാമെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.

സംസ്ഥാനത്ത് ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ആവർത്തിച്ചു പ്രഖ്യാപിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ്‌ അവലോകനവുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കിയ തൃണമൂലിന്റെ ആഭ്യന്തര റിപ്പോർട്ട് പുറത്തുവന്നത്. ഇടതുപക്ഷത്തിന്റെ പത്ത്‌ ശതമാനത്തോളം വോട്ടുകൾ ബിജെപിയിലേക്ക്‌ പോയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തൃണമൂലിന്റെ കടുത്ത എതിരാളിയായി ബി.ജെ.പിയെ ഇടതുപക്ഷം വിലയിരുത്തുന്നതാണ്‌ ഈ വോട്ട്‌ മറിയലിന്‌ കാരണമെന്നും റിപ്പോർട്ടിൽസൂചിപ്പിക്കുന്നു.

ഇത്തവണ ബി.ജെ.പി ഏറ്റവും കൂടുതൽ പ്രതീക്ഷ വെയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമബംഗാൾ. 42 സീറ്റുകളാണ് ഇവിടെയുള്ളത്. 2014ൽ 30 ശതമാനത്തിനടുത്ത്‌ വോട്ടാണ്‌ ഇടതുപാർട്ടികൾക്ക് ലഭിച്ചത്‌. അന്ന്‌ ബി.ജെ.പിക്ക്‌ 17 ശതമാനം മാത്രമായിരുന്നു വോട്ട്‌ വിഹിതം. ഇക്കുറി ഇടത്‌ വോട്ടുകൾ ബി.ജെ.പിയിലേക്ക്‌ പോയിട്ടുണ്ടെങ്കിൽ തങ്ങൾക്ക്‌ 25 സീറ്റുകൾ മാത്രമേ കിട്ടൂ എന്നാണ്‌ തൃണമൂലിന്റെ നിഗമനം. വോട്ടുകൾ മറിഞ്ഞിട്ടില്ലെങ്കിൽ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 30ന്‌ മുകളിലായിരിക്കുമെന്നും ആഭ്യന്തരറിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷത്തിന്‌ തീരെ സ്വാധീനം കുറഞ്ഞ പതിനഞ്ചോളം മണ്ഡലങ്ങളിൽ ബി.ജെ.പിക്ക്‌ ശക്തമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ്‌ തൃണമൂലിന്റെ കണക്കുകൂട്ടൽ.

2014ൽ തൃണമൂൽ കോൺഗ്രസിന്‌ 34 സീറ്റുകളാണ്‌ പശ്ചിമബംഗാളിൽ ലഭിച്ചത്‌. ബി.ജെ.പിക്കും ഇടതുപക്ഷത്തിനും അന്ന്‌ രണ്ട്‌ വീതം സീറ്റുകളേ നേടാനായുള്ളു. സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള സഖ്യസാദ്ധ്യത ഇല്ലാതായതോടെ കുറഞ്ഞത് 30 സീറ്റിൽ തൃണമൂൽ വിജയം ഉറപ്പാക്കിയിരുന്നു. എന്നാൽ സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള കുത്തൊഴുക്ക് തൃണമൂലിന് കനത്ത തിരിച്ചടി നൽകിയേക്കുമെന്നാണ് കണക്കുകൂട്ടൽ.