കൊച്ചി: ആഗോള വ്യാപാരയുദ്ധം വീണ്ടും രൂക്ഷമായതോടെ കഴിഞ്ഞമാസം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നിർജീവാവസ്ഥയിലേക്ക് വീണു. വെറും 0.64 ശതമാനം വർദ്ധനയോടെ 2,607 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമാണ് കഴിഞ്ഞമാസം ലഭിച്ചത്. മാർച്ചിൽ 11 ശതമാനം വളർച്ചയുമായി ഇന്ത്യ 3,255 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയിരുന്നു. റെക്കാഡ് വരുമാനമായിരുന്നു അത്.
ഇറക്കുമതിച്ചെലവ് കഴിഞ്ഞമാസം 4.48 ശതമാനം ഉയർന്ന് 4,140 കോടി ഡോളറിലെത്തി. ഇതോടെ, കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 1,533 കോടി ഡോളറിലേക്ക് ഉയർന്നു. മാർച്ചിൽ ഇത് 1,089 കോടി ഡോളറായിരുന്നു. 30 പ്രമുഖ കയറ്രുമതി വിഭാഗങ്ങളിൽ 14 എണ്ണമാണ് ഏപ്രിലിൽ വളർച്ച രേഖപ്പെടുത്തിയത്. പെട്രോളിയം, കെമിക്കലുകൾ, മരുന്നുകൾ, റെഡിമെയ്‌ഡ് വസ്‌ത്രങ്ങൾ, ഇലക്‌ട്രോണിക് ഉത്‌പന്നങ്ങൾ, കാർഷികോത്‌പന്നങ്ങൾ എന്നിവയാണ് അവയിൽ പ്രധാനം.
ജെം ആൻഡ് ജുവലറി, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ എന്നിവയുടെ കയറ്റുമതി ഇടിഞ്ഞത് തിരിച്ചടിയായി. വ്യാപാരക്കമ്മി കൂടാൻ മുഖ്യ കാരണക്കാരായ ക്രൂഡോയിൽ ഇറക്കുമതി 9.26 ശതമാനം വർദ്ധിച്ച് 1,138 കോടി ഡോളറിലെത്തി. സ്വർണം ഇറക്കുമതി 56ശതമാനമാണ് കുതിച്ചത്. 397 കോടി ഡോളറിന്റെ സ്വർണം കഴിഞ്ഞമാസം ഇന്ത്യ വാങ്ങി. 2018-19ൽ കയറ്റുമതി 9.06 ശതമാനം വർദ്ധിച്ച് റെക്കാഡ് ഉയരമായ 33,100 കോടി ഡോളറായിരുന്നു. 2013-14ലെ 31,400 കോടി ഡോളറിന്റെ റെക്കാഡാണ് പഴങ്കഥയായത്.