ഭോപ്പാൽ: ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്തെതിയതോടെ ഭോപ്പാലിലെ പാർട്ടി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് താക്കൂർ മാപ്പുപറഞ്ഞു. പ്രഗ്യയുടെ ഗോഡ്സെ പരാമർശത്തെ ബി.ജെ.പി അപലപിച്ചതിന് പിന്നാലെ അവരോട് പരസ്യമായി മാപ്പ് പറയാനും നിർദ്ദേശിച്ചതോടെയാണ് മാപ്പ് പറച്ചിൽ. ഗോഡ്‌സെ ദേശഭക്തനാണെന്നും, എന്നും അതങ്ങനെ തന്നെ ആയിരിക്കുമെന്നുമായിരുന്നു പ്രഗ്യായുടെ പരാമർശം. ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെ ആണെന്ന നടൻ കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ.
ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവർ അദ്ദേഹത്തിന്റെ ഉളളിലേക്ക് നോക്കാൻ തയാറാകണമെന്നും പുറമേ നിന്ന് മാത്രം നോക്കാൻ പാടില്ലെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ഇങ്ങനെ ചിന്തിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കുമെന്നും അവർ കൂട്ടിചേർത്തു.
പരാമർശം വിവാദമായതോടെ പ്രഗ്യാസിംഗിനെതിരെ ബി.ജെ പി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ നിലപാടല്ല പ്രഗ്യാ പറഞ്ഞതെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു. പ്രഗ്യാ സിംഗ് മാപ്പ് പറയേണ്ടതാണെന്നും ബി.ജെ.പി അഭിപ്രായപ്പെട്ടു.