തിരുവനന്തപുരം: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകനും തീവ്ര ഹിന്ദു ഭീകരവാദിയുമായ ഗോഡ്സേയെ പ്രകീർത്തിച്ച് പോസ്റ്റിട്ട അലി അക്ബറിനെതിരെ പരാതി നൽകി. അഡ്വ. ശ്രീജിത്ത് പെരുമനയാണ് അക്ബറിനെതിരെ പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചത്. നടൻ കമൽ ഹാസന്റെ ഗോഡ്സെയെക്കുറിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അക്ബറിന്റെ വിവാദ അഭിപ്രായ പ്രകടനം. ഈദി അമീനും,ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സയെ കുറിച്ചു മിണ്ടിപ്പോവരുത്. കമൽഹാസൻ താങ്കളെക്കാളും ഞാൻ ഗോഡ്‌സയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാർത്ഥനയായിരുന്നു. രാമരാജ്യം". ഇതായിരുന്നു അലി അക്ബറിന്റെ കുറിപ്പ്.
എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിലും പുറത്തും ശക്തമായ പ്രതിഷേധങ്ങൾ നടന്നു. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും മഹാത്മ ഗാന്ധിയെ അപകീർത്തിപ്പെടുത്താനോ, അപമാനിക്കാനോ ഉള്ള അവകാശമല്ല എന്നും സ്വാതന്ത്ര സമര നായകനായ രാട്രപിതാവിനെ അപകീർത്തിപ്പെടുത്തുന്നത് 292 പ്രകാരം ശിക്ഷാർഹവുമാണെന്നെന്നും ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഗാന്ധി ഘാതകനും, തീവ്ര ഹിന്ദു ഭീകരവാദിയുമായ ഗോഡ്സേയെ പ്രകീർത്തിക്കുകയും, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഇന്ത്യയെ "രാമരാജ്യം അഥവാ ഹിന്ദു രാഷ്ട്രം " ആക്കി മാറ്റുന്നതിനായി പ്രവർത്തിച്ച ഹിന്ദു വർഗീയവാദിയുമാണെന്ന് പ്രചരിപ്പിച്ച അലി അക്ബറിനെതിരെ പരാതി നൽകും. ഇന്ത്യൻ പീനൽ കോഡിലെ 153 A, 153 B, 292 എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണ് അദ്ദേഹം നടത്തിയത്.
അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും " മഹാത്മ ഗാന്ധിയെ" അപകീർത്തിപ്പെടുത്താനോ, അപമാനിക്കാനോ ഉള്ള അവകാശമല്ല എന്നും സ്വാതന്ത്ര സമര നായകനായ രാട്രപിതാവിനെ അപകീർത്തിപ്പെടുത്തുന്നത് 292 പ്രകാരം ശിക്ഷാർഹവുമാണെന്ന് Tuljapurkar v. State of Maharashtra & Ors. കേസിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ട്.
“You cannot use abusive words for historical figures under the garb of artistic freedom. There is a complete freedom for ideas but the freedom of speech and expression is not absolute. The Constitution provides restrictions and it is a regulated freedom,” എന്നാണ് സുപ്രീംകോടതിയുടെ 2015 ഫെബ്രുവരിയിലെ വിധിയിൽ പറയുന്നത്.
കൂടാതെ "There is a distinction between freedom of idea and freedom of words. You have an idea, express it, but the words you choose must be controlled and under the statute." എന്നും കോടതി നിരീക്ഷിക്കുന്നു.
" ഗാന്ധിജിയും, ഗോഡ്‌സെയും രാമരാജ്യം** സ്വപ്നം കണ്ടവരായിരുന്നു എന്ന അലി അക്ബറിന്റെ പ്രസ്താവന രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതും, വർഗീയ ചേരിതിരിവിനും, കലാപങ്ങൾക്കും കാരണമാകുന്നതുമാണ് എന്നതിൽ സംശയമില്ല. ഭരണഘടനയുടെ അടിസ്ഥാന ശിലയായ സെക്കുലറിസം അഥവാ മതേതരത്വം എന്ന ആശയത്തിന് വിരുദ്ധമായ പ്രവൃത്തിയും, രാഷ്ട്രപിതാവ് ഹിന്ദു വർഗീയ വാദിയാണെന്ന പ്രസ്താവനയും കുറ്റകരവും ശിക്ഷാർഹവുമാണ്.
സമൂഹത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റികൂടിയായ അലി അക്ബർ നടത്തിയ അങ്ങേയറ്റം ഹീനമായ പ്രസ്താവന സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നതിനാലും, സമൂഹത്തിൽ വർഗീയ ചേരിതിരിവിനും ലഹളകൾക്കും കാരണമാകുമെന്നതിനാലും പൊതുതാത്പര്യം മുൻനിർത്തിയാണ് ഈ പരാതി നൽകുന്നത്.
Added :- ഈ പരാതി എഴുതുന്ന സമയംതന്നെ അലി അക്ബറിനെക്കാൾ വലിയ വർഗീയ വിഷം തുപ്പിയ പ്രജ്ഞ സിങ് ടാക്കൂറിന്റെ കുറ്റകരമായ രാജ്യവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെയും അൽപ സമയത്തിനകം പരാതി നൽകും.
അഡ്വ ശ്രീജിത്ത് പെരുമന