ന്യൂഡൽഹി: ബൊഫോഴ്സ് അഴിമതി കേസിൽ കേസിൽ അന്വേഷണം തുടരുമെന്ന് സി.ബി.ഐ വ്യക്തമാക്കി. അന്വേഷണത്തിന് അനുമതി നൽകി ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകിയെന്ന വാർത്തകൾ തള്ളിയാണ് സി.ബി.ഐയുടെ പുതിയ വെളിപ്പെടുത്തൽ. പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സി.ബി.ഐ വക്താവ് നിതിൻ വകൻകർ പറഞ്ഞു.
തുടരന്വേഷണ വിഷയത്തിൽ തീരുമാനമെടുക്കാൻ സി.ബി.ഐക്ക് സ്വാതന്ത്ര്യവും അധികാരവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തുടരന്വേഷണത്തിന് കോടതിയുടെ അനുവാദം നിർബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2005 മേയ് 31ന് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധിക്കെതിരെ 13 വർഷങ്ങൾക്ക് ശേഷം 2018 ഫെബ്രുവരി രണ്ടിനാണ് സുപ്രീം കോടതിയിലും സി.ബി.ഐ ഹർജി സമർപ്പിച്ചത്.
സ്വകാര്യ അന്വേഷകനായ മിഖായേൽ ഹെർഷ്‌മാന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കേസിൽ തുടരന്വേഷണം വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന് അറ്റോർണി ജനറലും അനുവാദം നൽകി. കേസ് അട്ടിമറിക്കാൻ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രമിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ.