വാക്‌പോരിനും വെല്ലുവിളിക്കും മൂർച്ച കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റാലിക്കു നേരെയുണ്ടായ അക്രമ സംഭങ്ങളെത്തുടർന്ന് രാഷ്‌ട്രീയാന്തരീക്ഷം കലുഷമായ ബംഗാളിൽ ഇന്നലെ മോദി നടത്തിയ റാലി മമതയോടുള്ള വെല്ലുവിളി കൂടിയായി. താൻ പടിഞ്ഞാറൻ ബംഗാളിലേക്കു പോവുകയാണെന്നും, റാലിക്ക് മമത അനുമതി നൽകുകയാണെങ്കിൽ അവർ ഇവിടെ എന്തു ചെയ്യുമെന്ന് നമുക്കു കാണാമെന്നും കൊൽക്കത്തയിലെ റാലിയിൽ മോദി ആഞ്ഞടിച്ചു.
അക്രമ സംഭവങ്ങളെത്തുടർന്ന്, ബംഗാളിലെ പ്രചാരണസമയം ഒരു ദിവസം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിപ്രകാരം ഇന്നലെ രാത്രി പത്തിന് അവിടത്തെ പരസ്യപ്രചാരണം സമാപിച്ചു. അതിനു തൊട്ടുമുമ്പാണ് മോദിയുടെ പടിഞ്ഞാറൻ ബംഗാളിലെ റാലി നിശ്ചയിച്ചിരുന്നത്. നേരത്തേ അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചതു പോലെ, തന്റെ ഹെലികോപ്‌ടർ ഡംഡമിലെ പ്രചാരണസ്ഥലത്ത് ഇറങ്ങാൻ മമത അനുവദിക്കുകയില്ലായിരിക്കും എന്നായിരുന്നു മോദിയുടെ പരിഹാസം. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന അവസാനത്തെ റാലിയാണ് ഡംഡമിലേത്.
അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കഴിഞ്ഞ തിങ്കളാഴ്‌ച കൊൽക്കത്തയിൽ നടത്താനിരുന്ന റാലിക്കുള്ള അനുമതി അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് ബി.ജെ.പിയുടെ സ്വാധീനം വർദ്ധിച്ചുവരുന്നതിൽ വിറളിപിടിച്ചാണ് പാർട്ടി റാലികൾക്ക് മമത അനുമതി നിഷേധിക്കുന്നതെന്ന് കൊൽക്കത്തയിലെ റാലിയിൽ മോദി ആരോപിച്ചു. നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി, ഗാസിപ്പൂർ, സോനെലാൽ, മിർസാപൂർ, ചാന്ദൗലി, ഗോരഖ്പൂർ എന്നിവ ഉൾപ്പെടെ ആകെ 59 മണ്ഡലങ്ങളിലേക്ക് ഞായറാഴ്‌ചയാണ് വോട്ടെടുപ്പ്.