crime-

ചണ്ഡീഗഢ്: ഡോക്ടർമാർ മോർച്ചറിയിലേക്ക് മാറ്റിയ വയോധികയുടെ സ്വർണാഭരണങ്ങൾ എടുത്തുമാറ്റാനെത്തിയ ബന്ധുക്കൾ 65കാരിക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. പഞ്ചാബിലെ കപൂർത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചെന്ന് കരുതിയ 65കാരി വീണ്ടും ജീവിതത്തിലേക്ക് തിരികെയെത്തിയത്.

ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച 65കാരി മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുടെ മൃതദേഹം മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ബന്ധുക്കൾ ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അഴിച്ചുമാറ്റാനായി മോർച്ചറിയിലെത്തി. ഫ്രീസർ തുറന്ന് ആഭരണങ്ങൾ എടുക്കുന്നതിനിടെയാണ് 65കാരിക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഉടൻതന്നെ ബന്ധുക്കൾ ഡോക്ടർമാരെ വിവരമറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ സ്ത്രീക്ക് ജീവനുണ്ടെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. തുടർന്ന് സ്ത്രീയുടെ മുഖത്ത് വെള്ളം തളിച്ചപ്പോൾ അവർ കണ്ണുകൾ തുറന്നു. വെള്ളം കുടിക്കുകയും ചെയ്തു.

വയോധിക മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ ഇവരെ ബന്ധുക്കളോടൊപ്പം വിട്ടു. എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ 65കാരിയുടെ ആരോഗ്യനില വീണ്ടും മോശമാവുകയും കപൂർത്തല സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയ്ക്കിടെ ബുധനാഴ്ച രാവിലെയോടെ ഇവർ മരിച്ചു. അതേസമയം, സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറ‍ഞ്ഞു.