hawk

കാൻബറ:ആസ്‌ട്രേലിയയിൽ ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന ബോബ് ഹാക്ക് ( 89 ) അന്തരിച്ചു. ട്രേ‌ഡ് യൂണിയൻ രംഗത്തെ അതികായനായിരുന്ന അദ്ദേഹം 1983 മുതൽ 1996 വരെ പതിമ്മൂന്ന് വർഷം പ്രധാനമന്ത്രിയായിരുന്നു.

നാല് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച, ഹാക്കീ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബോബ് ഹാക്കിന്റെ നയങ്ങളാണ് ആധുനിക ആസ്‌ട്രേലിയയെ കെട്ടിപ്പടുത്തത്. ഹാക്കും അദ്ദേഹത്തിന്റെ പിൻഗാമിയായി പ്രധാനമന്ത്രിയായ പോൾ കീറ്റിംഗുമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആധുനികവൽക്കരിച്ചത്. ആസ്ട്രേലിയയിലെ ഏറ്റവും ആദരണീയനായ നേതാവായിരുന്നു അദ്ദേഹം.

1956ൽ ഓക്സ‌്ഫെഡ് സർവകലാശാലയിൽ നിന്ന് ബിരുദമെടുത്ത ഹാക്ക് ട്രേഡ്‌യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്‌ട്രീയത്തിന്റെ ഉന്നതങ്ങളിൽ എത്തിയത്. ലേബർപാർട്ടി നേതാക്കളിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം വഹിച്ചതും ഹാക്ക് ആണ്.

ഓക്സ്‌ഫെഡിൽ പഠിക്കുന്ന കാലത്ത് ഒന്നര ലിറ്ററോളം കൊള്ളുന്ന ഒരു യാർഡ് ഗ്ലാസ് ( 90സെന്റീമിറ്റർ ) ബിയർ ഏറ്റവും കുറഞ്ഞ സമയത്തിൽ കുടിച്ച് ലോക റെക്കാഡ് സ‌ൃഷ്‌ടിച്ചിരുന്നു. ആസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിച്ച ഹാക്ക് ആണ് ആസ്ട്രേലിയൻ ഡോളർ എന്ന സ്വന്തം കറൻസി ആരംഭിച്ചത്. 1984ൽ രാജ്യത്താദ്യമായി മെഡികെയർ എന്ന പേരിൽ ജനങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തി.

ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. ഏഷ്യ - പസിഫിക് സാമ്പത്തിക സഹകരണ ഫോറം സ്ഥാപിച്ചു.ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ എന്ന ഗീതത്തിന് പകരം അഡ്വാൻസ് ആസ്‌ട്രേലിയ ഫെയർ എന്ന ഗീതം ദേശീയ ഗാനമാക്കാൻ നിയമം കൊണ്ടു വന്നതും ബോബ് ഹാക്ക് ആയിരുന്നു.