ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദി അൽ മക്തൂമിന്റെ മൂന്ന് പുത്രൻമാർ ബുധനാഴ്ച രാത്രി വിവാഹിതരായി. ദുബായ് കിരീടാവകാശിയും കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻറാഷിദ് അൽ മക്തൂമും ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും, മറ്റൊരു സഹോദരനും മുഹമ്മദ് ബിൻ റാഷിദ് നോളജ് ഫൗണ്ടേഷൻ ചെയർമാനുമായ ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ആണ് വിവാഹിതരായത്.
ഷെയ്ഖ ബിൻത സഈദ് ബിൻ താനി അൽമക്തൂമിനെയാണ് ദുബായ് കിരീടാവകാശി വിവാഹം കഴിച്ചത്. ഷെയ്ഖ് മക്തൂം വിവാഹം ചെയ്തത് ഷെയ്ഖ മറിയം ബിൻത് ബുട്ടി അൽമക്തൂമിനെയാണ്. ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ഷെയ്ഖ മിദ്യ ബിൻത് ദൽമൂജ് അൽ മക്തൂമിനെയും വരിച്ചു. ഇവരുടെ സഹോദരി ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വിവാഹ വിവരം വരന്മാരുടെ ഫോട്ടോ സഹിതം പുറത്തുവിട്ടത്.
ബുധനാഴ്ചയാണ് ഇസ്ലാമിക രീതിയിലുള്ള വിവാഹം നടന്നതും വിവാഹ കരാർ ഒപ്പു വച്ചതും. മറ്റു ചടങ്ങുകളും ആഘോഷവും എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.