bengal-

കൊൽക്കത്ത: ബംഗാളിലെ നവോത്ഥാന നായകൻ ഈശ്വർചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർത്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊൽക്കത്ത പൊലീസ്​ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണ്​ അന്വേഷണം.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ​ അമിത് ഷായുടെ 'സേവ് റിപ്പബ്ലിക്' റാലിക്കിടെയായിരുന്നു കൊൽക്കത്തയിലെ പ്രശസ്തമായ വിദ്യാസാഗർ കോളേജിൽ ആക്രമണ സംഭവങ്ങൾ അരങ്ങേറുന്നത്​. അമിത് ഷായുടെ റോഡ് ഷോയെ അനുഗമിച്ചിരുന്ന ഒരു സംഘം ബി.ജെ.പി പ്രവർത്തകർ കോളജിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനിടെ കോളേജിനകത്ത്​ സ്ഥാപിച്ചിരുന്ന ഈശ്വർചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ പൂർണമായും തകർക്കപ്പെട്ടു.

എന്നാൽ ആക്രമണസംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്. ഒരു പ്രകോപനവുമില്ലാതെ കോളജിൽ നിന്നുള്ള ഒരു സംഘം വിദ്യാർത്ഥികൾ റാലിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. പ്രതിമ യൂണിയൻ റൂമിനുള്ളിലായിരുന്നുവെന്നും അത്​ തകർത്തത് തൃണമൂല്‍ പ്രവർത്തകരാണെന്നും സിൻഹ ആരോപിച്ചു. ​വൈദ്യുതി ബന്ധം വിച്ഛേദിച്ചായിരുന്നു പ്രതിമ തകർത്തതെന്ന്​ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി വ്യക്​തമാക്കി.