ന്യൂഡൽഹി: ആമസോൺ വിൽപ്പനയ്ക്കായി വെച്ച ടോയ്ലറ്റ് സീറ്റുകളിൽ ഹിന്ദു ദെെവത്തിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. ആമസോൺ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. ആയിരക്കണക്കിന് ട്വിറ്റർ ഉപയോക്താക്കളാണ് ബോയ്ക്കോട്ട് ക്യാമ്പയിന് പങ്കെടുത്തിരിക്കുന്നത്. റോയിട്ടേഴ്സ് ആണ് സംഭവത്തെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ ടാഗ് ചെയ്തും വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടും ചിലർ പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആമസോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017ൽ ഇന്ത്യൻ പതാകയുടെ ചിത്രം പതിച്ച ചവിട്ടി ആമസോണിന്റെ ഓൺലൈനിൽ വിൽപനയ്ക്കു വെച്ചതും വലിയ വിവാദമായിരുന്നു. അന്ന് സുഷമ സ്വരാജ് വിഷയത്തിൽ ഇടപെട്ട് ഇത്തരം ഉൽപ്പന്നങ്ങൾ പിൻവലിച്ച് ആമസോൺ മാപ്പ് പറയണമെന്നാവശ്യപ്പെടുകയായിരുന്നു. ആമസോൺ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് അന്ന് ബോയ്ക്കോട്ട് കാമ്പയിൻ അവസാനിച്ചത്.
ഇപ്പോൾ ടോയ്‌ലറ്റ് സീറ്റ് , യോഗ പായകൾ, ഷൂസ്, ഹിന്ദു ദൈവങ്ങളെ ചിത്രീകരിക്കുന്ന മറ്റ് വസ്തുക്കൾ, തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ വെബ്‌സൈറ്റിൽ ഉണ്ടെന്നും റോയിറ്റേഴ്സ് പറയുന്നു. എന്നാൽ സംഭവം വിവാദമായതോടെ ഉൽപ്പന്നങ്ങൾ പിൻവലിച്ചിട്ടുണ്ട്.