ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ തള്ളി ബി.ജെ.പി നേതൃത്വം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടതുപോലെ 300 സീറ്റ് എൻ.ഡി.എയ്ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രതിപക്ഷത്തെ അപേക്ഷിച്ച് എൻ.ഡി.എയിലെ ഘടകകക്ഷികൾ തമ്മിലുള്ള ഐക്യമാണ് അവർക്ക് നേട്ടമാകുന്നത്. വോട്ടർമാർ പ്രതിപക്ഷത്തിന് അനുകൂലമായി ചിന്തിക്കുന്നുണ്ടെങ്കിലും ബി.ജെ.പിക്കെതിരായി വോട്ട് ചെയ്യുന്നതിൽ അർത്ഥമില്ലെന്നാണ് നിലവിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ സൂചിപ്പിക്കുന്നത്. ബി.ജെ.പിക്ക് സീറ്റുകൾ കുറയുമെങ്കിലും അതിൽ വലിയകുറവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
ഹിന്ദി ഹൃദയഭൂമിയിൽ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും മോദിയുടെ പ്രചാരണങ്ങൾക്ക് വലിയപിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുസ്ലീങ്ങൾ ഒഴിച്ചുള്ള ജനവിഭാഗങ്ങളിൽ നല്ല വേരോട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങലിലെ ട്രെൻഡുകൾ ബി.ജെ.പിക്ക് അനുകൂലമാണ്. രണ്ടാം യു.പി.എ സർക്കാരിനെക്കാൾ ജനപിന്തുണ ഇത്തവണ ബി.ജെ.പിക്കുണ്ടെന്നാണ് വിലയിരുത്തൽ. 245 സീറ്റുകൾവരെ ബി.ജെ.പി നേടാമെന്ന് ബെറ്റിംഗ് വിപണികളും പറയുന്നു. 6 സീറ്റുകൾ വരെ ഘടകകക്ഷികൾക്ക് ലഭിക്കും. ഇതോടെ 300 സീറ്റ് കടക്കും. കോൺഗ്രസ് പക്ഷത്തെ ചാഞ്ചാടി നിൽക്കുന്ന പ്രമുഖ പാർട്ടികളെ എൻ.ഡി.യിലേക്ക് അടർത്തി മാറ്റാനുള്ള ശ്രമവും അമിത് ഷായുടെ ഭാഗത്ത് നിന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോൺഗ്രസ് നേതാക്കൾ നേതാക്കൾ കൂട്ടത്തോടെ പാർട്ടിവിടാനും സാദ്ധ്യതയുണ്ട്.
ബീഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി മികച്ച മുന്നേറ്റം നടത്തും. ബീഹാറിൽ ബി.ജെ.പി മത്സരിക്കുന്ന 17 സീറ്റിലും വിജയിക്കുമെന്നാണ് പ്രവചനം. മഹാരാഷ്ട്രയിലെ 48 സീറ്റിൽ 36 സീറ്റ് വരെ ബിജെപി ശിവസേന സഖ്യം നേടും. കഴിഞ്ഞ തവണ 42 സീറ്റ് നേടിയിരുന്നു. ഇവിടെ ഭരണവിരുദ്ധ വികാരം ഏറ്റവും കുറവാണ് ഉള്ളത്. മോദിക്ക് ഏറ്റവും ജനപ്രീതി ഉള്ള രണ്ട് സംസ്ഥാനങ്ങൾ കൂടിയാണ് ബീഹാറും മഹാരാഷ്ട്രയും. യു.പിയും ഇതിലുൾപ്പെടും.
കോൺഗ്രസ് എൻ.സി.പി സഖ്യം മഹാരാഷ്ട്രയിൽ പ്രചാരണത്തിൽ വളരെ പിന്നിലാണ്. മറാത്ത് വാഡയിൽ കർഷകരെ അടക്കം കൈയിലെടുത്ത് ശിവസേനയും കോൺഗ്രസിന് കടുത്ത വെല്ലുവിളി ഉയർത്തുന്നു.ബീഹാറിൽ ലാലു പ്രസാദ് യാദവ് പ്രചാരണത്തില്‍ ഇറങ്ങാത്തത് കോൺഗ്രസ് ആർ.ജെ.ഡി സഖ്യത്തെ ദുർബലമാക്കി.
യു.പിയിൽ 52 സീറ്റ് വരെയാണ് ബി.ജെ.പിക്ക് ലഭിക്കുക. ആർ.എസ്.എസിന്റെ പ്രവർത്തന റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്. രാജസ്ഥാനിൽ 18 സീറ്റ് വരെ ബി.ജെ.പി നേടും. മദ്ധ്യപ്രദേശിൽ 20 സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കും.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബി.എസ്.പി, എൻ.സി.പി എന്നീ പാർട്ടികളും എൻ.ഡി.എയിൽ എത്താൻ സാദ്ധ്യതയുണ്ട്. കർണാടകത്തിൽ ശക്തമായ പോരാട്ടം നടക്കുന്നുണ്ടെങ്കിലും 15 സീറ്റ് വരെ ബി.ജെ.പി നേടും. ഹരിയാന, ഡൽഹി എന്നിവിടങ്ങളിലും ബി.ജെ.പി നേട്ടമുണ്ടാക്കും.
അതേസമയം നോട്ടുനിരോധനം, ജി.എസ്.ടി എന്നിവയാണ് കഴിഞ്ഞ തവണത്തെ സീറ്റ് കുറയ്ക്കുന്നതിന് പ്രധാന കാരണമാകുക.