കൊല്ലം: സാധാരണ കുടുംബത്തിൽ ജനിച്ച് ഇല്ലായ്മയിലൂടെ വളർന്ന് പ്രതികൂല ജീവിതാനുഭവങ്ങളിലൂടെ സ്വയം സ്ഫുടം ചെയ്തെടുത്ത നേതാവാണ് കടവൂർ ശിവദാസൻ. തൊഴിലാളികൾക്കൊപ്പം എന്നും നിന്ന മനുഷ്യസ്നേഹി. നാലുതവണ മന്ത്രിയായിട്ടും ആദർശത്തിൽ അടിയുറച്ച് പിന്നിട്ട വഴികൾ മറക്കാതെ രാഷ്ട്രീയ സംശുദ്ധി കാത്തുസൂക്ഷിച്ചു അദ്ദേഹം.
കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപത്തെ പഴയ ഓടുമേഞ്ഞ വസതിയായ മിനി സദനമാണ് കടവൂർ പിന്നിട്ട വഴികളുടെ വ്യക്തമായ സാക്ഷ്യപത്രം. മുൻനിര നേതാവാകും മുമ്പ് കൊല്ലം കോടതിയിൽ തിരക്കുള്ള അഭിഭാഷകനായിരുന്നു അദ്ദേഹം. വക്കീൽ ജോലിയിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് നിർമ്മിച്ച കൊച്ചു വീടാണ് മിനി സദനം. ഇതുതന്നെയായിരുന്നു വക്കീലാഫീസും. മന്ത്രിയായപ്പോഴും വലിയൊരു വീടിനെക്കുറിച്ച് കടവൂർ ചിന്തിച്ചതേയില്ല. മൂന്നു പതിറ്റാണ്ടായി നിഴൽപോലെ ഒപ്പമുള്ള ബന്ധുവായ സജിയായിരുന്നു ദൈനംദിന കാര്യങ്ങളിൽ ഉറ്റ സഹായി.
കടവൂരിലെ സാധാരണ കുടുംബമായ ശ്രീമംഗലത്ത് കേശവൻ- ലക്ഷ്മി ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനായി ജനനം. ശിവദാസൻ കുഞ്ഞായിരിക്കേ അച്ഛൻ മരിച്ചു. അഞ്ചാലുംമൂട് കാവിള സംസ്കൃതസ്കൂൾ, കൊല്ലം ഗവ. ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. അഷ്ടമുടിക്കായലിൽ കടത്തു കടന്നു വന്ന് നടന്നാണ് സ്കൂളിലെത്തിയിരുന്നത്. എസ്.എൻ കോളേജിൽ ബിരുദപഠനം നടത്തുമ്പോഴും സ്ഥിതി ഇതായിരുന്നു. അദ്ധ്യാപകനാകണമെന്നതായിരുന്നു ആഗ്രഹം. കൊല്ലത്തെ എക്സൽസിയർ ട്യൂട്ടോറിയലിൽ കുറച്ച്കാലം അദ്ധ്യാപകനായി. പിന്നീടാണ് എറണാകുളം ലാ കോളേജിൽ ചേർന്നത്.
1950 കളിലാണ് കടവൂർ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പദമൂന്നിയത്. പി.എസ്.യുവിലൂടെ വിദ്യാർത്ഥി നേതാവും പിന്നീട് ആർ.എസ്.പിയുടെ സജീവ പ്രവർത്തകനുമായി. ടി.കെ. ദിവാകരനുമായുള്ള അടുപ്പമാണ് സജീവരാഷ്ട്രീയത്തിലേക്ക് നയിച്ചത്. കൊല്ലത്ത് അഭിഭാഷകനായിരിക്കെ തൊഴിൽ സംബന്ധമായ കേസുകൾ വാദിക്കുന്നതിലായിരുന്നു ഏറെ താത്പര്യം. തൊഴിലാളികളെ സംഘടിപ്പിച്ച് ഒട്ടേറെ സമര പോരാട്ടങ്ങളും നടത്തി .
ഇടതു മനസിനെ വലത്തോട്ട്
ചേർത്ത് കരുണാകരൻ
1980ൽ ആദ്യമായി കൊല്ലത്തു നിന്ന് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയ കടവൂർ 1982ലും വിജയിച്ചു. ഇക്കാലത്ത് ആർ.എസ്.പിയിൽ രൂക്ഷമായ വിഭാഗീയത ഉടലെടുത്തു. ടി.കെ. ദിവാകരന്റെ മരണശേഷം എൻ. ശ്രീകണ്ഠൻ നായർ ആർ.എസ്.പിയിൽ ഒറ്റപ്പെടുന്നത് കടവൂരിനെ ഏറെ ദുഃഖിതനാക്കി. ബേബി ജോൺ പക്ഷവുമായി തെറ്റിപ്പിരിഞ്ഞ എൻ. ശ്രീകണ്ഠൻ നായരോടൊപ്പം ആർ.എസ്.പി (എസ്) രൂപീകരിച്ചു. ഇടതുപക്ഷ മനസായതിനാൽ എൽ.ഡി.എഫിനൊപ്പം നിൽക്കണമെന്നായിരുന്നു ആഗ്രഹം. ബേബി ജോണിന്റെ ശക്തമായ എതിർപ്പുയർന്നെങ്കിലും ഘടകകക്ഷി ആക്കണമെന്നാവശ്യപ്പെട്ട് കടവൂർ മൂന്ന് തവണ എ.കെ.ജി സെന്ററിലെത്തി. പക്ഷേ, അനുകൂല മറുപടിയുണ്ടായില്ല.
കെ. കരുണാകരനുമായി നടത്തിയ ചർച്ചയെ തുടർന്ന് ആർ.എസ്.പി- എസിനെ യു.ഡി.എഫ് ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതോടെ ഇടതു മുന്നണിയിലെയും സി.പി.എമ്മിലെയും നേതാക്കൾ സമീപിച്ചു. ശ്രീകണ്ഠൻ ചേട്ടനെ കാണാനാണ് കടവൂർ അവരോടാവശ്യപ്പെട്ടത്. കാണാനെത്തിയ ഇടത് നേതാക്കളോട് സ്വതസിദ്ധമായ ശൈലിയിൽ ശ്രീകണ്ഠൻ നായർ മറുപടി നൽകിയതോടെ ആ അദ്ധ്യായം അടഞ്ഞു. പിന്നീട് കരുണാകരന്റെ അനുഗ്രഹാശിസുകളോടെയാണ് കടവൂർ കോൺഗ്രസിലെത്തിയത്. കരുണാകരൻ മരിക്കും വരെയും അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു.
അഴിമതിക്കറ പുരളാത്ത നേതാവ്
അധർമ്മത്തിനെതിരെ ധർമ്മം വിജയം നേടുന്ന ഭഗവത്ഗീതാ സൂക്തങ്ങൾ കാണാപ്പാഠമായിരുന്നു കടവൂരിന്. വീട്ടിൽ വിശ്രമജീവിതം നയിക്കുമ്പോൾ ഗീതയും ബൃഹദാരണ്യകോപനിഷത്തുമായിരുന്നു ചിന്തകളിൽ. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെക്കുറിച്ചുള്ള വ്യാകുലതകളും അദ്ദേഹം പങ്കുവച്ചിരുന്നു. രാഷ്ട്രീയം പണസമ്പാദനത്തിനും കമ്മിഷൻ വാങ്ങാനുമുള്ള മാർഗമല്ലെന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ച അദ്ദേഹത്തെക്കുറിച്ച് ഒരാരോപണവും ഉയർന്നിട്ടില്ല. മന്ത്രിയായിരിക്കെ കമ്മിഷൻ വാങ്ങിയിരുന്നെങ്കിൽ തന്റെ കൊച്ചു വീടിനു പകരം മണിമാളിക നിർമ്മിക്കാമായിരുന്നെന്ന് അദ്ദേഹം പറയുമായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സംവിധാനമാകെ ശുദ്ധീകരിക്കണമെന്നതായിരുന്നു അഭിപ്രായം. നെഹ്റുവിന്റെ 'ഡിസ്കവറി ഒഫ് ഇന്ത്യ" ഒരിക്കലെങ്കിലും വായിച്ചാൽ എങ്ങനെ മികച്ച ജനസേവകനാകാം എന്ന് മനസിലാക്കാമെന്നും അദ്ദേഹം പറയുമായിരുന്നു.
ട്രബിൾ കാൾ മാനേജ്മെന്റ്
കടവൂർ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ 'ട്രബിൾ കാൾ മാനേജ്മെന്റ് സംവിധാനം" വൈദ്യുതി വിതരണത്തിലെ കാര്യക്ഷമത ഉറപ്പാക്കുന്നതായിരുന്നു. വൈദ്യുതി മുടങ്ങുന്ന സ്ഥലത്ത് നിശ്ചിത സമയത്തിനുള്ളിൽ ഒരു സബ് എൻജിനിയറുടെ നേതൃത്വത്തിലുള്ള മൊബൈൽ യൂണിറ്റെത്തി ഉടൻ തകരാർ പരിഹരിക്കുന്ന സംവിധാനം ഏറെ പ്രശംസ നേടി. തൊഴിൽ മന്ത്രിയായിരിക്കെ അസംഘടിത തൊഴിലാളികൾക്ക് ക്ഷേമനിധി എർപ്പെടുത്തി.