thrissur-pooram

തിരുവനന്തപുരം: തൃശൂർപൂരത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്കും സാധിക്കണം എന്ന അഭിപ്രായം പങ്കുവച്ച നടി റിമ കല്ലിങ്കലിന് നേരെ സോഷ്യൽ മീഡിയയിൽ ഉണ്ടായ അനുഭവം എല്ലാവരും വായിച്ചറിഞ്ഞതാണ്. സ്ത്രീകൾ പൂരം കാണാൻ പോകുന്നതിനെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. എന്നാൽ പൂരത്തിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവം തുറന്നു പറയുകയാണ് അക്ഷയ ദാമോദരൻ എന്ന പെൺകുട്ടി. പൂരത്തിന്‌ പോയ മൂന്നു പെൺകുട്ടികൾക്ക് സാംസ്കാരിക നഗരിയിൽ നേരിട്ട മോശം അനുഭവത്തെക്കുറിച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി.

പുരുഷാരം മുഴുവൻ പുരുഷന്മാർ തന്നെയായിരുന്നു. ഉന്തിനും തള്ളിനും ഇടയിൽ ഏറ്റവും മുന്നിൽനിന്ന് തന്നെ വെടിക്കെട്ട്‌ കാണാൻ തങ്ങൾ തീരുമാനിച്ചു. ഇതിനിടയിലാണ്‌ പൂരത്തെക്കാൾ പ്രേമം സ്‌പർശന സുഖത്തിൽ കണ്ടെത്തുന്ന ചിലരെ കണ്ടത്‌. അഞ്ച്‌ തവണ പലരിൽ നിന്നായി മോശം അനുഭവം ഉണ്ടായെന്നും അക്ഷയ ദാമോദരൻ പറയുന്നു. യുവാക്കൾക്ക് സദാചാരബോധം ഫേസ്‌ബുക്കിലേ ഉള്ളു, പൂരപ്പറമ്പിലില്ലെന്നും അക്ഷയ കുറിച്ചു.

ഫേസ്ബുക്ക്‌ പോസ്‌റ്റിന്റെ പൂർണരൂപം...

#പൂരം_ഞങ്ങൾക്കും_കാണണം

ഏറെ നാളത്തെ ആഗ്രഹത്തിന്റെ ഫലമായി ഇത്തവണ പൂരങ്ങളുടെ പൂരം കാണാൻ സാംസ്ക്കാരിക നഗരിയിൽ പോയി... പൂരം അസ്സലാണെന്ന് ഇനി ഞങ്ങൾ പറയേണ്ട ആവശ്യമൊന്നും ഇല്ലലോ... പക്ഷേ ഞങ്ങൾ പറയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.. ശക്തമായ സുരക്ഷയാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്.. എങ്ങോട്ട് നോക്കിയാലും പൊലീസ് ഉണ്ട്... എന്നാൽ പ്രശ്നങ്ങൾ ഇനിയാണ്.. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒത്തുചേരലിന്റെ ഭാഗമായ പൂരം കാണാൻ എത്തുന്ന പതിനായിര കണക്കിന് ആളുകൾ തന്നെയാണ് ഏറ്റവും മനോഹരമായ കാഴ്ച... പുരുഷാരം മുഴുവൻ പുരുഷൻമാർ തന്നെയായിരുന്നു.. സമ പ്രായക്കാരെ പോലും അധികം കാണൃനായില്ല.. ഉന്തിനും തള്ളിനും ഇടയിൽ ഏറ്റവും മുന്നിൽ നിന്ന് തന്നെ വെടിക്കെട്ട് കാണാൻ ഞങ്ങൾ തീരുമാനിച്ചൂ.. ഇതിനിടയിലാണ് പൂരത്തേക്കാൾ പ്രേമം സ്പർശന സുഖത്തിൽ കണ്ടെത്തുന്ന ചില പൂര പ്രേമികളെ കണ്ടത്... ചിലതൊക്കെ തിരക്ക് മൂലമാണെന്ന് കരുതി ഞങ്ങൾ ഒഴിവാക്കി. .. എന്നാൽ തോണ്ടലും പിടുത്തവും മനപൂർവ്വം ആണെന്ന് മനസ്സിലായതോടെ പ്രതികരിക്കാൻ തുടങ്ങി... ചെറിയൊരു കൂട്ടം ആളുകളിൽ നിന്നും അഞ്ച് തവണ ഞങ്ങൾക്ക് മോശം അനുഭവം ഉണ്ടായി.. കയറി പിടിച്ചവൻമാരെ കയ്യോടെ പിടിച്ച് ചീത്ത വിളിക്കുമ്പോൾ ചുറ്റും കൂടിയവരൂടെ ചോദ്യം ഞങ്ങൾക്ക് കൂടെ ആരുമില്ലേ എന്നായിരുന്നൂ.. ഒരാൾ പോലും വൃത്തികേട് കാണിച്ചവൻമാർക്കെതിരെ മിണ്ടിയില്ല...പരാതിപെടാൻ ഒരു പൊലിസിനെയും ആ സമയത്ത് അവിടെങ്ങും കണ്ടില്ല.. അവസാനംപാറമേക്കാവിന്റെ വെടിക്കെട്ട് കാണാതെ നമ്മൾ ഒരു വിധം ആൾക്കൂട്ടത്തിൽ നിന്നും രക്ഷപെട്ടു. .. ഇനി പൂരത്തിനില്ലെന്നാണ് ആദ്യം പറഞ്ഞത്. .. ഈ സംഭവത്തിൽ ഏറ്റവും മനസിനെ വിഷമിപ്പിച്ച കാര്യം എന്താണെന്നു വെച്ചാൽ ചുറ്റും കൂടി നിന്ന യുവാക്കളാണ് കമന്റ് അടിക്കാനും ശരീരത്തിൽ സപർശിക്കാനും വന്നത് എന്നതാണ്.. നമ്മുടെ യുവാക്കൾക്ക് സധാചാര ബോധം സോഷ്യൽ മീഡിയയിൽ മാത്രമേ ഉള്ളൂ എന്നറിയുന്നത് ഏറെ നിരാശാജനകമാണ്.. ഇത്രയും അധ:പതിച്ചതാണ് നമ്മുടെ സമൂഹം എന്നറിഞ്ഞത് പൂരത്തിനിടയിലാണ്... സാംസ്ക്കാരിക നഗരിയിൽ നിന്നാണ്... പൂരം കാണാനും നാലാളു കൂടുന്നിടത്ത് സ്വാതന്ത്ര്യത്തോടെ നിൽക്കാനും ഓരോ പെൺകുട്ടിക്കും സ്ത്രീകൾക്കും ആഗ്രഹമുണ്ട്...