bsnl

തിരുവനന്തപുരം : നടപ്പുസാമ്പത്തിക വർഷം 20 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ലക്ഷ്യമിട്ട് ജനപ്രിയ പ്ലാനുകൾ നടപ്പിലാക്കാനൊരുങ്ങി ബി.എസ്.എൻ.എൽ. ഇതിനായി 4ജി സേവനം നിലവിലില്ലാത്ത നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഇപ്പോൾ കേരളത്തിലെ ഏഴ് ജില്ലകളിലാണ് ബി.എസ്.എൻ.എല്ലിന് 4ജി സേവനമുള്ളത്. കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ഇതിനായി 1,791 ബി.ടി.എസുകൾ സ്ഥാപിച്ചിട്ടുണ്ട്. ബി.എസ്.എൻ.എൽ 5ജിയിലേക്ക് കടക്കാനുള്ള സംവിധാനങ്ങൾ നടപ്പാക്കുന്നുണ്ട്.

മൊബൈൽ വരിക്കാരെ ആകർഷിക്കുന്നതിനായി രണ്ട് ജനപ്രിയ പ്ലാനുകളാണ് ബി.എസ്.എൻ.എൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

പ്ലാൻ 666

ഈ പ്ലാനിൽ 666 രൂപയ്ക്ക് പ്രതിദിനം 2.5 ജിബി ഡേറ്റ ലഭിക്കും. പരിധിയില്ലാതെ കോളുകൾ ചെയ്യാനാവുന്ന ഈ പ്ലാനിൽ 134 ദിവസമാണ് കാലാവധി.

പ്ളാൻ 1699

ഈ പ്ലാനിൽ 1,699 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡേറ്റയും കൂടാതെ പരിധിയില്ലാതെ കോളുകളും ലഭിക്കും. വാർഷിക മൊബൈൽപ്ലാനാണിത്.

ഇത് കൂടാതെ വരിക്കാർക്കായി ബി.എസ്.എൻ.എൽ ഒരുക്കിയിട്ടുള്ള മറ്റ് ആനുകൂല്യങ്ങൾ ഇവയാണ്

മൊബൈൽ, ബ്രോഡ്ബാൻഡ്, ഫൈബർടു ഹോം വരിക്കാർക്ക് അധികനിരക്കില്ലാതെ 12 മാസത്തേക്ക് 999 രൂപയുടെ ആമസോൺ പ്രൈം മെമ്പർഷിപ്പ്.

സിംകാർഡ് ഇല്ലാതെ കോളുകൾ വിളിക്കാനും സ്വീകരിക്കാനും സൗകര്യമൊരുക്കുന്ന ബി.എസ്.എൻ.എൽ വിംഗ്സ് ഇന്റർനെറ്റ് ടെലിഫോണി സേവനം.

കോൾ സെന്ററുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ടെലിഫോൺ ആവശ്യങ്ങൾ നിറവേറ്റാനായി സിപ് ട്രങ്ക് സർവീസ്. കൂടുതൽ കോളുകൾ കുറഞ്ഞനിരക്കിൽ കൈകാര്യം ചെയ്യാം.


പുതിയ ഒരുലക്ഷം ലാൻഡ്‌ലൈൻ ഉപഭോക്താക്കളെയും പ്രതീക്ഷിക്കുന്നു. രണ്ടുലക്ഷം ബ്രോഡ്ബാൻഡ് കണക്ഷനുകളും രണ്ടരലക്ഷം ഫൈബർ ടു ഹോം (എഫ്.ടി.ടി.എച്ച്) കണക്ഷനുകളും പുതുതായി നൽകുമെന്ന് ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ഡോ.പി.ടി. മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു.
ദിവസേന അഞ്ചു ജിബി ഡേറ്റ ലഭ്യമാക്കുന്ന ഫ്രീ ട്രയൽ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാൻ വഴി നിലവിലെ ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്ക് ബ്രോഡ്ബാൻഡ് സേവനം നൽകും. വാർഷിക പ്ലാൻ തിരഞ്ഞെടുക്കുന്ന ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ്, എഫ്.ടി.ടി.എച്ച് വരിക്കാർക്ക് 25 ശതമാനം കാഷ്ബാക്ക് ഓഫറുണ്ട്. നിലവിലുള്ള വരിക്കാർക്കും ഓഫർ ലഭിക്കും.

ലാൻഡ്‌ഫോൺ, ബ്രോഡ്ബാൻഡ്, എഫ്.ടി.ടി.എച്ച് കണക്ഷനുകൾക്ക് ഇൻസ്റ്റലേഷൻ ചാർജ്ജ് ഇല്ല. 235 എക്സ്‌ചേഞ്ചുകളിൽ കൂടി വൈഫൈ ഹോട്ട്സ്‌പോട്ടുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ 262 ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ വഴി ഒരുമാസത്തിനകം ആധാർ എന്റോൾമെന്റ് സേവനവും ലഭ്യമാക്കും. പ്രിൻസിപ്പൽ ജനറൽ മാനേജർമാരായ ഡോ.എസ്. ജ്യോതിശങ്കർ, കെ.കുളന്തൈവേൽ, എസ്.എസ്. തമ്പി, സതീഷ് റാം, ജനറൽ മാനേജർമാരായ പി.ജി. നിർമൽ, ആർ. സതീഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.