തിരുവനന്തപുരം: പഞ്ചാബിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പൊലീസുകാരെ എ.പി ബറ്റാലിയൻ എ.ഡി.ജി.പി തിരിച്ചുവിളിച്ചു. ഇവർക്കെതിരെ അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ ചെയ്‌തു. പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ ഇന്റലിജൻസ് അന്വേഷണത്തിൽ പരാമർശമുള്ള മണിക്കുട്ടൻ ഉൾപ്പെടെയുള്ള നാല് പൊലീസുകാരെയാണ് തിരികെ വിളിച്ചിരിക്കുന്നത്. ഈ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടത്. നാട്ടിലെത്തിയ ശേഷം ഇവർ എ.പി ബറ്റാലിയൻ എ.ഡി.ജി.പിക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നുമാണ് നിർദേശം.
അതേസമയം, ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ക്രെെംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടു. 23ന് പോസ്റ്റൽ വോട്ടിംഗ് പൂർത്തിയാക്കിയശേഷമേ കളളവോട്ട് സ്ഥിരീകരിക്കാനാകൂ. ഇതുസംബന്ധിച്ച് കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രെെബ്രാഞ്ചിന്റെ ഭാഗം. പൊലീസുകാർ വിവിധ ഡ്യൂട്ടികളിലായതിനാൽ മൊഴിയെടുക്കാൻ തടസമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇടക്കാല റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് കൈമാറി വിശദമായ അന്വേഷണത്തിന് കൂടുതൽ സാവകാശം തേടിക്കൊണ്ടുള്ള റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് തൃശൂർ എസ്.പി കെ.എസ് സുദർശൻ ഐ.ജി ശ്രീജിത്തിന് കൈമാറിയത്. എത്ര പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നറിയണമെങ്കിൽ വോട്ടെണ്ണൽ കഴിയണം എന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.