ചെന്നെെ: സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സെ ആണെന്ന പരാമർശത്തിനെതിരെ സംഘപരിവാർ സംഘടനകൾ രംഗത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മക്കൾ നീതിമയ്യം പ്രസിഡന്റ് കമലഹാസൻ രംഗത്തെത്തി. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ട്. നമ്മൾ പുണ്യവാളനായി നടിക്കേണ്ടതില്ല. ഇത് ചരിത്രത്തിൽ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്ലേറും ചെരിപ്പേറും കൊണ്ട് ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും രാഷ്ട്രീയത്തിന്റെ നിലവാരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഇതൊന്നും വലിയ ഭീഷണിയായി തോന്നുന്നില്ലെന്നും ഭയപ്പെട്ട് പിൻമാറാൻ ഉദ്ദേശമില്ലെന്നും കമലഹാസൻപറഞ്ഞു. കഴിഞ്ഞദിവസം കമൽഹാസന്റെ തിരഞ്ഞെടുപ്പ് റാലിക്ക് നേരെ സംഘപരിവാർ പ്രവർത്തകർ ചെരുപ്പെറിഞ്ഞിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്സെയാണെന്ന പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു കമലിന് നേരെ ആക്രമണം നടന്നത്. തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പാറൻകുണ്ട്രം നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രചരണം നടത്തവെ ആയിരുന്നു കമലിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ചെരുപ്പേറുണ്ടായത്.
ഗോഡ്‌സെക്കെതിരായ പ്രസ്താവനയുടെ പേരിൽ കമലഹാസനെതിരേ പത്തിലേറെ കേസുകളാണുള്ളത്. ഹിന്ദുമുന്നണിക്ക് പുറമെ, ബി.ജെ.പി പ്രവർത്തകരും ഹൈന്ദവ സംഘടനകളും പരാതി നൽകിയിട്ടുണ്ട്. 50 ബി.ജെ.പി പ്രവർത്തകർ ഒപ്പിട്ടുനൽകിയ പരാതിയിൽ ചെന്നൈ മടിപ്പാക്കം പൊലീസും അഖിലഭാരത ഹിന്ദുമഹാസഭയുടെ പരാതിയിൽ വിരുഗമ്പാക്കം പൊലീസും കേസെടുത്തു.
അതേസമയം, തനിക്കെതിരേയുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമൽ നൽകിയ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി. അവധിക്കാല ബെഞ്ചിൽ കേസ് പരിഗണിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി മുൻകൂർജാമ്യം തേടി ഹർജി നൽകാൻ നിർദ്ദേശിച്ചു