നാഗ്പ്പൂർ: ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്റെ വാഹനവ്യൂഹം അപകത്തിൽ പെട്ടു. റോഡിന്റെ നടുക്ക് നിൽക്കുകയായിരുന്ന പശുവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ വറോറയിൽ വച്ചാണ് സംഭവം നടന്നത്.
പശുവിനെ ഇടിക്കാതിരിക്കാനായി വാഹനം പെട്ടെന്ന് വലതുവശത്തേക്ക് തിരിച്ചപ്പോൾ പിൻവശത്തെ ടയർ പൊട്ടുകയും വാഹനം കീഴ്‌മേൽ മറിയുകയും ചെയ്യുകയായിരുന്നു. അപകടത്തിൽ ഒരു സി.ഐ.എസ്.എഫ് ജവാന് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിൽ ആറ് സി.ഐ.എസ്.എഫ് ജവാൻമാർ ഉണ്ടായിരുന്നു.
ഇസെഡ് കാറ്റഗറി സുരക്ഷയുളളയാളാണ് മോഹൻ ഭഗവത്. ഭഗവതിന്റെ വാഹനം അപകടം കൂടാതെ പശുവിനെ കടന്ന് പോയിരുന്നു. പിറകേ വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. എന്നാൽ പശു യാതൊരു പരിക്കും ഏൽക്കാതെ രക്ഷപ്പെട്ടു. ചന്ദ്രപൂരിൽ നിന്നും നാഗ്പൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു മോഹൻ ഭഗവത്.
അപകടത്തിൽ പെട്ട വാഹനം ഒഴിച്ച് ബാക്കി വാഹനങ്ങൾ യാത്ര തുടർന്നു. പരിക്കേറ്ര സൈനികനെ നാഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.