ന്യൂഡൽഹി: ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാൻ സുപ്രീം കോടതി സി.ബി.ഐയ്‌ക്ക് അനുമതി നൽകി. കേസിൽ സി.ബി.ഐയ്‌ക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് അറിയിച്ച കോടതി രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാനും അനുമതി നൽകി. എന്നാൽ ഒരാഴ്‌ചത്തേക്ക് രാജീവ് കുമാറിനെ അറസ്‌റ്റ് ചെയ്യരുതെന്ന് നിർദ്ദേശിച്ച കോടതി ഇതിനിടയിൽ അദ്ദേഹത്തിന് നിയമനടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചു. എന്നാൽ രാജീവ് കുമാർ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല.
ശാരദ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ ഉദ്യോഗസ്ഥർ കൊൽക്കത്തയിൽ എത്തിയതിനെ തുടർന്നാണ് ബംഗാളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥരെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രസർക്കാർ വൈരാഗ്യപൂർവം പ്രവർത്തിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി സത്യാഗ്രഹം ഇരിക്കുകയും ചെയ്‌തു. തുടർന്ന് വിഷയത്തിൽ ഇടപെട്ട കോടതി സി.ബി.ഐക്ക് മുന്നിൽ ഹാജരാകണമെന്നും വിശ്വസ്തതയോടെ അന്വേഷണവുമായി സഹകരിക്കണമെന്നും രാജീവ് കുമാറിനോട് ഉത്തരവിട്ടു. എന്നാൽ രാജീവ് കുമാറിനെ അറസ്‌റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജിയാണ് ഇന്ന് കോടതി പരിഗണിച്ചത്.
തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപണവിധേയരായ ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ചില നിർണായക ഫയലുകൾ കാണാതായിരുന്നു. ഇക്കാര്യമുൾപ്പെടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ രാജീവ് കുമാറിൽ നിന്ന് അറിയാനാണ് സി.ബി.ഐ ശ്രമിക്കുന്നത്.കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചതായും സി.ബി.ഐ ഇന്ന് കോടതിയിൽ വാദിച്ചു.