പത്തനംതിട്ട: പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് ബി.ജെ.പി പാർലമെന്റ് മണ്ഡലം നേതൃയോഗം വിലയിരുത്തി. വലിയഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സുരേന്ദ്രൻ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം നടന്നത്.
അതേസമയം, ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്നകാര്യത്തിലെ ആശങ്ക യോഗത്തിൽ ഒരു വിഭാഗം പങ്കുവച്ചു. ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരുമുന്നണിയിലേയ്ക്ക് മാത്രമായി കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിൽ അത് ബി.ജെ.പിക്ക് ദോഷമുണ്ടാക്കും എന്നും നേതൃയോഗം വിലയിരുത്തി. തിരുവന്തപുരത്തേക്കാൾ ജയ സാദ്ധ്യത പത്തനംതിട്ടയിലാണെന്നുമാണ് ബി.ജെ.പി വിലയിരുത്തുന്നത്.
ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയിൽ ആണെന്നാണ് ബി.ജെ.പി നിരീക്ഷണം. ഹിന്ദു വോട്ട് എകീകരണം ഉണ്ടായി. ഇതിന്റെ ഗുണം കിട്ടുക കെ.സുരേന്ദ്രന് തന്നെയായിരിക്കും. മറുവശത്ത് ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായി ഉണ്ടായിട്ടില്ല. നായർ വോട്ടുകളിൽ വലിയ ശതമാനം ലഭിച്ചിട്ടുണ്ട്. ഈഴവ വോട്ടുകളും അനുകൂലമായിട്ടുണ്ട്.
സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും അത് പത്തനംതിട്ടയിലെ ഫലത്തിലൂടെ ബോധ്യമാകുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. 20000 മുതൽ 30000 വരെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് പാർട്ടി കീഴ് ഘടകങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നേതൃത്വത്തിന്റെ നിരീക്ഷണം. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പികെ കൃഷ്ണദാസ് പറഞ്ഞു.