ലാഹോർ: പാകിസ്ഥാനിൽ വൻതോതിൽ എച്ച്.ഐ.വി രോഗം പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. 400റോളം പേരെ രോഗം ബാധിച്ചതായാണ് വിവരം ലഭിക്കുന്നത്. വൃത്തിയാക്കാത്ത ചികിത്സോപകരണങ്ങൾ രോഗികളിൽ ഉപയോഗിക്കുന്നതും വ്യാജ ഡോക്ടർമാരുടെ എണ്ണം പെരുകുന്നതുമാണ് രോഗം പടർന്നു പിടിക്കാൻ കാരണം എന്നാണ് ചികിത്സാ വിദഗ്ദരുടെ അഭിപ്രായപ്പെടുന്നത്.
രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. രോഗബാധിതരുടെ ബാഹുല്ല്യം കാരണം പാകിസ്ഥാനിലെ ആശുപത്രികളും ബുദ്ധിമുട്ടിലാണ്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് രോഗം ഏറ്റവും കൂടിയ തോതിൽ കാണപ്പെടുന്നത്. മയക്കുമരുന്ന് ഉപയോഗവും വേശ്യവൃത്തിയും എച്ച്.ഐ.വി ബാധ കൂടാൻ കാരണമായിട്ടുണ്ട്.
എച്ച്.ഐ.വി രോഗബാധയ്ക്കുളള സാധ്യത കുറവുളള രാജ്യങ്ങളിൽ ഒന്നായാണ് പാകിസ്ഥാനെ ഇതിന് മുൻപ് പരിഗണിച്ചിരുന്നത്. എന്നാൽ 2017ൽ മാത്രം 20,000 പേർക്കാണ് പാകിസ്ഥാനിൽ രോഗബാധ ഏൽക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം, ഏഷ്യയിൽ ഏറ്റവും ഉയർന്ന തോതിൽ എച്ച്.ഐ.വി ബാധ ഉണ്ടാകുന്നത് പാകിസ്ഥാനിലാണ്. ഏകദേശം ആറ് ലക്ഷത്തോളം വ്യാജ ഡോക്ടർമാർ ഉണ്ടെന്നാണ് കണക്കുകൾ. സിന്ധ് പ്രവിശ്യയിൽ മാത്രമുളള വ്യാജ ഡോക്ടർമാരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപതിനായിരമാണ്.