പമ്പ : ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന്റെ തുടക്കം മുതൽ ബി.ജെ.പി വിജയ പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വന്നതും, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ജയിച്ചുകയറാനായതും, മൂന്ന് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയതുമാണ് തിരുവനന്തപുരത്ത് വാനോളം ജയപ്രതീക്ഷ വച്ച് പുലർത്താൻ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. മിസോറാം ഗവർണറായ കുമ്മനം രാജശേഖരനെ രാജിവയ്പ്പിച്ച് തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാൻ ബി.ജെ.പിക്ക് ധൈര്യം പകർന്നതും ജയച്ചുകയറാം എന്ന പ്രതീക്ഷയായിരുന്നു.
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കൊച്ചിയിൽ കൂടിയ പാർട്ടി തിരഞ്ഞെടുപ്പ് അവലോകന മീറ്റിംഗുകളിലും തിരുവനന്തപുരവും പത്തനംതിട്ടയും ഇക്കുറി താമര വിരിയുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പി നേതാക്കൾ പങ്ക് വച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ കുമ്മനം രാജശേഖരൻ പമ്പയിൽ പത്രപ്രവർത്തകരോട് സംസാരിക്കവേ തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നതായി ആരോപിച്ചിരിക്കുകയാണ്. സി.പി.എമ്മിൽ നിന്നും വൻതോതിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കായി വോട്ട് മറിച്ചുവെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഇത്തരത്തിൽ ആരോപണമുണ്ടായിരുന്നുവെങ്കിലും കുമ്മനത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു ആരോപണം ആദ്യമായിട്ടാണ്. സി.പി.എം പാർട്ടി കേഡർമാർ അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ വോട്ടുകൾ മറിച്ചതെന്നും ഇത്തരത്തിൽ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറയുന്നു. തലസ്ഥാന മണ്ഡലം ബി.ജെ.പി പിടിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കുമ്മനത്തിന്റെ ഈ ആരോപണത്തിനോട് അടുത്ത് നിൽക്കുന്ന പ്രതികരണം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിൽ നിന്നും ഉണ്ടായിരുന്നു. വിവിധ ചാനലുകളിൽ വന്ന സർവ്വേ ഫലങ്ങളിൽ തലസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായ മുൻതൂക്കം തനിക്ക് നേട്ടമായി എന്നാണ് ശശി തരൂർ ചൂണ്ടിക്കാണിച്ചിരുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്നതിന് ഇത് ഇടയാക്കി എന്ന വിശ്വാസമാണ് യു.ഡി.എഫ് ക്യാമ്പിനുള്ളത്. ന്യൂനപക്ഷ വോട്ടുകൾ ഇത്തരത്തിൽ ശശിതരൂരിന് അനുകൂലമായെന്നും അവർ കണക്ക് കൂട്ടുന്നു. തീരമേഖലയിലടക്കം മണ്ഡലത്തിലെ ഗ്രാമീണ മേഖലയിലുണ്ടായ ശക്തമായ പോളിംഗ് കോൺഗ്രസിന് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടുന്നവർ നഗര മേഖലയിലെ ബി.ജെ.പി ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് ശക്തമായിരുന്നില്ല എന്നതും താമര വിരിയില്ലെന്നതിന് കാരണമായി നിരത്തുന്നുണ്ട്.