bk-syngal-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 1988ൽ ഇ-മെയിൽ ഉപയോഗിച്ചിരുന്നതായി പറഞ്ഞത് ഏറെ വിമർശനങ്ങങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ, ഈ മോദിയുടെ ഈ വാദത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ടെലികമ്മ്യൂണിക്കേഷൻ വിദഗ്ധനും ഇന്ത്യൻ ഇന്റർനെറ്റും ഡാറ്റ സർവീസും കൊണ്ടുവന്നയാളെന്ന് അറിയപ്പെടുന്ന ബി.കെ സിംഗാൾ. 1995ലാണ് ഇന്ത്യയിൽ ഇ-മെയിൽ വന്നത് എന്നും ഇതിന് മുമ്പ് ERNET മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പ്രമുഖ ദേശീയ മാദ്ധ്യമത്തോട് പറ‌ഞ്ഞു.

രാജ്യത്തെ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമാണ് ലഭ്യമായിരുന്നത്. മോദി 1980കളിൽ ഇന്റെർനെറ്റ് ഇന്ത്യയിൽ ഉപയോഗിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1986ൽ താൻ ലണ്ടനിലുണ്ടായിരുന്ന സമയത്ത് ഇന്റെർനെറ്റ് സേവനങ്ങളുടെ വില വലിയ തോതിൽ ഉയർന്നതായിരുന്നു എന്ന് സിംഗാൾ പറയുന്നു. സാധാരണക്കാർക്ക് അത് അപ്രാപ്യമായിരുന്നു.

1991ൽ ഇന്ത്യയില്‍ തിരിച്ചെത്തിയ ബികെ സിംഗാൾ വി.എസ്.എൻ.എല്ലിന്റെ (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റു. 1993ൽ രാജ്യത്ത് ഇന്റെർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വി.എസ്.എൻ.എല്ലിൽ കേന്ദ്ര സർക്കാർ സമ്മർദം ചെലുത്താൻ തുടങ്ങി. 1995ൽ രാജ്യത്തെ അഞ്ച് നഗരങ്ങളായ മുംബയ്, ഡൽഹി, ചെന്നൈ, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിൽ വി.എസ്.എൻ.എൽ സ്റ്റേഷനുകൾ സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇന്റെർനെറ്റ് ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തത് 1995 ഓഗസ്റ്റ് 15നാണ്. കോർപ്പറേറ്റ് ക്ലൈന്റുകൾക്ക് ചിത്രങ്ങൾക്കും ടെക്സ്റ്റിനുമായി പ്രതിമാസം 25,000 രൂപ. വ്യക്തികൾക്ക് 15,000. ടെക്സ്റ്റ് മാത്രമാണെങ്കിൽ വ്യക്തികൾക്ക് 5000 – ഇങ്ങനെയായിരുന്നു നിരക്കുകൾ. ജപ്പാനും ഹോംഗ് കോംഗിനും ശേഷം വാണിജ്യ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അതേസമയം ഇന്റെർനെറ്റിന് ആവശ്യക്കാർ വലിയ തോതിലുണ്ടാകുമെന്ന് വി.എസ്.എൻ.എൽ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ബികെ സിംഗാൾ പറയുന്നു.

1980 കാലഘട്ടത്തിൽ താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനിയുടെ ഫോട്ടോ എടുത്തുവെന്നും അത് പിന്നീട് താൻ ഇ-മെയിൽ ചെയ്‌തെന്നുമാണ് മോദിയുടെ പരാമർശം. സാങ്കേതിക വിദ്യയോടും ഇലക്‌ട്രോണിക് ഉപകരണങ്ങളോടുമുള്ള തന്റെ പ്രണയം ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തന്നെ തുടങ്ങിയതാണെന്ന് മോദി പറയുന്നു. ടച്ച് സ്ക്രീനിൽ ഉപയോഗിക്കുന്ന സ്‌റ്റൈലസ് പേനകൾ 1990കളിൽ തന്നെ താൻ കൈകാര്യം ചെയ്‌തിരുന്നു.

1987 - 88 കാലഘട്ടത്തിൽ തന്നെ താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. അക്കാലത്ത് ഡിജിറ്റൽ ക്യാമറകൾ ആരെങ്കിലും ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമല്ല. ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി അഹമ്മദാബാദിൽ എത്തിയപ്പോൾ താൻ അദ്ദേഹത്തിന്റെ ഫോട്ടോ എടുത്തു. പിറ്റേ ദിവസം തന്നെ അത് അദ്ദേഹത്തിന് അയച്ചു കൊടുത്തു. തന്റെ കളർ പ്രിന്റിലുള്ള ഫോട്ടോ കണ്ട അദ്വാനി അമ്പരന്നതായും മോദി അവകാശപ്പെടുന്നു.