cheating-case

ചാലിശേരി : ഗൾഫിൽ ബിസിനസ് പങ്കാളിയെ വഞ്ചിച്ച് രണ്ട് കോടിയിലേറെ തട്ടിയ മലയാളി അറസ്റ്റിൽ. അകിലാണം ചാഴിയാട്ടിരി പാറക്കൽവീട്ടിൽ ഷിഹാബിനെ ചാലിശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ മരത്തംകോട് ഇബ്രാഹിമിനെ സാമ്പത്തികമായി വഞ്ചിച്ചു എന്ന കേസിലാണ് വഞ്ചനാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേ കേസിൽ ഷിഹാബിന്റെ പിതാവും പ്രതിയാണ് എന്നാൽ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ഗൾഫിലെ ബിസിനസ് ആവശ്യത്തിനെന്ന പേരിൽ പലപ്പോഴായി രണ്ട് കോടിയിലേറെ രൂപയുടെ മൂല്യം വരുന്ന യു.എ.ഇ ദിർഹം ഷിഹാബ് വാങ്ങിയിരുന്നു. എന്നാൽ നാളേറെ കഴിഞ്ഞിട്ടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരികെ നൽകാൻ ഇയാൾ കൂട്ടാക്കിയിരുന്നില്ല. ഇതിനെ തുടർന്ന് മധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അവിടെയും ഇബ്രാഹിമിനെ വഞ്ചിക്കുകയായിരുന്നു. നാട്ടിൽ പിതാവിന്റെ പേരിലുള്ള പത്ത് സെന്റ് സ്ഥലം എഴുതി നൽകാമെന്നാണ് ഷിഹാബ് സമ്മതിച്ചിരുന്നത്. എന്നാൽ ഈ വസ്തു ബാങ്കിൽ ലോൺ വച്ചിരിക്കുന്നതിനാൽ അത് തിരിച്ചെടുക്കാൻ പന്ത്രണ്ട് ലക്ഷം ഇബ്രാഹിം നൽകണമെന്ന വ്യവസ്ഥയുണ്ടാക്കുകയും, വസ്തു എഴുതിനൽകാനായി 64000 രൂപയും അധികമായി വാങ്ങുകയുമായിരുന്നു. മെയ് പത്താം തീയതി വസ്തു ഇബ്രാഹിമിന്റെ പേരിലാക്കി നൽകാമെന്ന് മദ്ധ്യസ്ഥ ചർച്ചയിൽ തീരുമാനമായെങ്കിലും ഷിഹാബ് സബ് റജിസ്ട്രാർ ഓഫീസിൽ എത്താതെ ഇബ്രാഹിമിനെ ചതിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസിൽ പരാതിപ്പെടുകയും സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.