ലണ്ടൻ: വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുകൊടുത്തു. ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ച് തുറക്കാനുള്ള ക്ഷണം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ധനമന്ത്രി തോമസ് ഐസകും ചീഫ് സെക്രട്ടറി ടോം ജോസിനും കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു.
ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്. ഇതിലൂടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരവും കോർപ്പറേറ്റ് ഭരണത്തിലെയും ഫണ്ട് പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങൾ പകർത്താനുള്ള അവസരവുമാണ് വഴിതുറക്കുന്നത്.
ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ജ് ക്ഷണിക്കുന്നത് ഇതാദ്യമാണ്. മുമ്പ് ദേശീയപാത അതോറിറ്റിയും എൻ.റ്റി.പി.സി.യും ബോണ്ടുകൾ പുറപ്പെടുവിച്ചപ്പോൾ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരിയേയും പീയൂഷ് ഗോയലിനേയും ഇത്തരത്തിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
ഇതു കിഫ്ബിക്കു മാത്രമല്ല സംസ്ഥാനത്തിനുതന്നെ നാഴികക്കല്ലാകുന്ന ഒരു ചടങ്ങാവുകയാണ്. ആഗോളനിക്ഷേപകസമൂഹവുമായും ധനവിപണിയുമായും കൂടുതൽ സജീവമായി ഇടപെടാൻ കേരളം സന്നദ്ധമാണ് എന്നതിന്റെ പ്രതീകാത്മകവിളംബരം കൂടിയായതിനാൽ ഇന്നത്തെ വിപണിതുറക്കൽ സംസ്ഥാനത്തെസംബന്ധിച്ച് അതീവപ്രധാനമാണ്.
ഓഹരി വിൽപ്പനയ്ക്കിറക്കുന്ന ലോകമെമ്പാടുമുള്ള കക്ഷികൾക്കു വലിയൊരു വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ള വേദിയാണു ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ജ്. ലോകമെമ്പാടുമുള്ള വിവിധ ഭൂമേഖലകളുമായി നമുക്കുണ്ടായിരുന്ന ചരിത്രപരമായ ബന്ധം വീണ്ടും ചൈതന്യവത്താക്കാനും കേരളവികസനത്തിന്റെ അടുത്ത അദ്ധ്യായത്തിനു രൂപം നല്കുന്നതിൽ അവരെ പങ്കാളികളാക്കാനുമുള്ള കേരളത്തിന്റെ ലക്ഷ്യം നേടാൻ ഏറ്റവും അനുയോജ്യമായ അവസരമാണ് ഇതൊരുക്കുന്നത്.