kerala-police

കുറ്റവാളികൾ അതിവേഗ കാറുകളിൽ രക്ഷപ്പെടുന്നതും അവരെ പിടിക്കാൻ പൊലീസ് വൻ സന്നാഹങ്ങളുമായി പിറകെ ചേസിംഗ് നടത്തുന്നതും സിനിമയിലും അല്ലെങ്കിൽ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലും സ്ഥിരം കാഴ്‌ചയാണ്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യയിൽ ഇത്തരം അതിവേഗ ചേസിംഗുകൾ നടക്കാറില്ലെന്നതാണ് സത്യം. അതിവേഗ കാറുകളോട് മത്സരിക്കാൻ പറ്റിയ വാഹനങ്ങളോ ഉപകരണങ്ങളോ ഇല്ലാത്തതാണ് ഇന്ത്യയിലെ പൊലീസിനെ ഇത്തരം ചേസിംഗിൽ നിന്നും പിന്നോട്ടടിക്കുന്നത്. എന്നാൽ ഇത്തരം പരിമിതികളൊന്നും തങ്ങൾക്ക് ബാധകമല്ലെന്നും കുറ്റവാളികൾക്കെതിരെ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് കേരള പൊലീസ് നടത്തിയ ഒരു ചേസിംഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

മദ്യപിച്ച് വാഹനമോടിച്ചുവെന്ന് കരുതുന്ന ആളിനെയാണ് പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വെള്ള ഫോർഡ് ആസ്‌പെയർ കാറിൽ ചീറിപ്പാഞ്ഞ ഇയാളെ മഹീന്ദ്രാ ടി.യു.വി 300ലാണ് പൊലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. അമിത വേഗത്തിൽ വാഹനമോടിച്ചയാൾ അപകടമുണ്ടാക്കിയതും ഇതിനിടയിൽ ഒരാളെ ഇടിച്ച് തെറിപ്പിക്കാൻ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അമിത വേഗത്തിൽ എത്തിയ കാർ കൊടുംവളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്ത് പാർക്ക് ചെയ്‌തിരുന്ന മറ്റൊരു കാറിൽ ഇടിച്ചതിന് ശേഷം ഒരു പോസ്റ്റിൽ ഇടിച്ച് നിൽക്കുന്നതും കാണാം. സമീപത്തുണ്ടായിരുന്ന സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.