പട്ടാളത്തിലെ സേവനം കഴിഞ്ഞ് തിരിച്ചെത്തുന്നവർ നാട്ടുകാരുടെ അഭിമാനമാണ്. യുവത്വം രാജ്യത്തെ സംരക്ഷിക്കാനായി ഉഴിഞ്ഞ് വച്ച ധീരനായകന്മാരുടെ സാഹസിക കഥകൾ കേൾക്കാൻ പ്രത്യേക താത്പര്യം കാണിക്കുന്ന ഒരു കൂട്ടം ആൾക്കാർ മിക്ക നാടുകളിലുമുണ്ട്. ആദ്യമൊക്കെ കഥകൾ കേൾക്കാൻ കാതോർക്കുന്നവർ തന്നെ പിന്നീട് അവയൊക്കെ കെട്ടുകഥയും ബഡായിയുമായി തള്ളിക്കളയാറുള്ളത് സ്ഥിരമാണ്. കഥയിൽ അമാനുഷികത കൂടുകയും യുക്തി കുറയുന്നതുമാണ് ഇതിന് പ്രധാന കാരണം. പറഞ്ഞു വരുന്നത് 'കുട്ടിമാമ'യിലെ ശേഖരൻകുട്ടിയെ കുറിച്ചാണ്. പട്ടാളക്കാരനായ ശേഖരൻകുട്ടി നാട്ടിലെ തള്ള് വീരനാകുന്നതും അദ്ദേഹത്തിന്റെ ജീവിതവുമെല്ലാം ചേർന്ന ഒരു കൊച്ചു ചിത്രമാണ് 'കുട്ടിമാമ'. വി.എം. വിനു സംവിധാനം ചെയ്ത് ശ്രീനിവാസൻ നായകനായെത്തുന്ന 'കുട്ടിമാമ' നന്നായി വളരെ ലളിതമായ ഒരു സിനിമയാണ്.
തള്ളിനപ്പുറം
ശേഖരൻകുട്ടിക്ക് (ശ്രീനിവാസൻ) സംസാരിക്കാൻ ഒരാളെ കിട്ടിയാൽ പിന്നെ കുശാലായി. താൻ പട്ടാളത്തിൽ കറി വച്ച് ഇന്ത്യ-പാക് പട്ടാളക്കാർക്ക് സദ്യ വിളമ്പിയത് മുതൽ യുദ്ധഭൂമിയിൽ കുറെയെണ്ണത്തെ കൊന്നു തള്ളിയ കഥ വരെ പറയും. പൊട്ടും പൊടിയും വച്ച് പറയുന്ന കഥകൾ ഒറ്റ തവണ കേൾക്കുന്നവർ അടുത്ത തവണ ഇദ്ദേഹത്തെ കാണുമ്പോൾ ഓടി രക്ഷപ്പെടാനായി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. കടുത്ത ജയൻ ആരാധകനായ ഇദ്ദേഹം യാദൃശ്ചികമായി പണ്ട് ജയനെ കണ്ട് ഫോട്ടോ എടുക്കാൻ ഇടയായ കഥയൊക്കെ നാട്ടിൽ പാട്ടായ മറ്റൊരു കഥയാണെങ്കിലും ഒരു വ്യക്തിക്ക് പോലും വിശ്വാസമില്ല. ഒരു ബഡായിക്കാരന് അപ്പുറം അയാൾക്ക് നാട്ടിലും വീട്ടിലും വലിയ വിലയൊന്നും ആരും കൽപ്പിച്ചിരുന്നില്ല. വീട്ടിൽ പെങ്ങൾക്കും അവരുടെ കുട്ടികൾക്കും കുട്ടിമാമയാണ് തുണ. അനന്തരവളുടെ വിവാഹാലോചന മുടങ്ങിയത് കുട്ടിമാമയുടെ തള്ളിന്റെ ഫലമാണെന്നത് മറ്റൊരു കഥ. അതിനിടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പെങ്ങളുടെ മകന് (വിശാഖ് നായർ) മാമന്റെ പ്രണയത്തെ കുറിച്ചും പിന്നെ വിവാഹശേഷം വേർപിരിയേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും അറിയാൻ താത്പര്യമായി. കുട്ടിമാമ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞു. ഒരു ബൈക്കപകടത്തിൽ നിന്നും സാഹസികമായി രക്ഷപ്പെടുത്തിയ അഞ്ജലി എന്ന കുട്ടിയെ പിന്നെ വിവാഹം കഴിച്ചതും ഒടുവിൽ അവരുമായി അകലേണ്ടി വന്നതും ഒക്കെയുള്ള ജീവിതകഥ. കുട്ടിമാമയുടെ അഞ്ജലിയെ തേടി ബാംഗ്ളൂർ എത്തിയ അനന്തരവനോട് അവർ പറഞ്ഞത് ശേഖരൻകുട്ടിക്ക് മാനസികമായി കുഴപ്പം ഉണ്ടായിരുന്നു എന്നാണ്. വെറുമൊരു നുണയനും സ്ഥിരതയില്ലാത്ത മനുഷ്യനുമായ ശേഖരൻകുട്ടിക്ക് ഇതിനപ്പുറം ഒരു വാസ്തവമില്ല എന്ന് തോന്നുന്നിടത്ത് രണ്ട് കഥാപാത്രങ്ങൾ കഥാഗതി മാറ്റി മറിക്കുവാൻ കടന്നു വരുന്നു. നിമിത്തമെന്നോണം കുട്ടിമാമ പറഞ്ഞ പല 'തള്ളു'കളുടെയും സത്യാവസ്ഥ പുറത്തുവരുന്നു. ശേഖരൻകുട്ടി ആരായിരുന്നുവെന്ന് എല്ലാവരും മനസ്സിലാക്കുന്നതാണ് രണ്ടാം പകുതി. ഓർത്ത് വയ്ക്കാവുന്ന തമാശകളൊ കഥയോ ഇല്ലാത്ത ഒരു ശരാശരി സിനിമയായി കുട്ടിമാമ അവസാനിക്കുന്നു.
സിനിമയിൽ കൗതുകമുണർത്തുന്നത് യുവാവായ ശേഖരൻകുട്ടിയെ അവതരിപ്പിക്കുന്നത് ശ്രീനിവാസന്റെ മകനായ ധ്യാൻ ശ്രീനിവാസൻ എന്നതാണ്. ശ്രീനിവാസന്റെ ശേഖരൻകുട്ടി ഏറെ നേരവും ഒരു ബഡായിക്കാരനാണെങ്കിൽ ചെറുപ്പക്കാരനായിരുന്നപ്പോൾ ഉശിരുള്ള ഒരു പട്ടാളക്കാരനാണ്. ഇരുവരും റോൾ ഭംഗിയാക്കിയിട്ടുണ്ട്. നായികാവേഷമായ അഞ്ജലിയുടെ ചെറുപ്പക്കാലം ദുർഗാ കൃഷ്ണയും മദ്ധ്യ വയസ്കയായി മീര വാസുദേവനും നന്നായി അവതരിപ്പിച്ചു. ഒരു സമയത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിദ്ധ്യമായ മീരയുടെ തിരിച്ചുവരവാണ് 'കുട്ടിമാമ'. സഹതാരങ്ങളായി മഞ്ജു സുനിച്ചനും, വിശാഖ് നായരും, നിർമൽ പാലാഴിയും, ശശി കലിംഗയും, പ്രേം കുമാറും സന്തോഷ് കീഴാറ്റുരും ശ്രദ്ദേയമായിരുന്നു.
ധ്യാൻ ശ്രിനിവാസനും ദുർഗാ കൃഷ്ണയും പ്രണയിച്ചഭിനയിച്ച തോരാതെ തോരാതെ എന്ന ഗാനം മികച്ചതാണ്. അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
വി.എം. വിനു ഒട്ടേറെ സിനിമകളുടെ അനുഭവസമ്പത്തുള്ള സംവിധായകനാണ്. ഏറെയും കുടുംബപ്രേക്ഷകർക്കായി എടുത്ത സിനിമകൾ. 'ബാലേട്ടൻ', 'വേഷം' തുടങ്ങി ഏറെ പ്രേക്ഷകപ്രീതി നേടിയ സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹത്തിന് സമീപകാലത്ത് നല്ലൊരു ഹിറ്റ് സിനിമ അവകാശപ്പെടാനില്ല. കുട്ടിമാമ അദ്ദേഹത്തിന്റെ ഭേദപ്പെട്ട സിനിമയാണെന്ന് ഒഴിച്ചാൽ യാതൊന്നും അവകാശപ്പെടാനില്ല. മലയാള സിനിമയിൽ കണ്ട് പഴകിയ രീതികളാണ് പടത്തിൽ ഒട്ടാകെ. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളോ ഫിനഷിംഗോ താത്പര്യം ഉളവാക്കുന്ന കഥയോ ഇല്ലാത്ത 'കുട്ടിമാമ' ശരാശരി നിലവാരം മാത്രമുള്ള സിനിമയാണ്.
വാൽക്കഷണം: കുട്ടിമാമ വെറും തള്ള് വീരനല്ല
റേറ്റിംഗ്: 2.5/5