അത്യന്തം വാശിയേറിയതും പ്രവചനാതീതവുമായ തിരഞ്ഞെടുപ്പാണ് 17-ാം ലോക്സഭയിലേക്ക് കേരളത്തിൽ നടന്നത്. ഈ തിരഞ്ഞെടുപ്പ് പല കാരണങ്ങളാലും പുതുമ നിറഞ്ഞതാണ്. ഒന്നാമതായി കേരളത്തിലെ ദ്വികക്ഷി മുന്നണി രാഷ്ട്രീയത്തിൽ നിന്നും ഏതാനും ചില മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് വേദിയായി. രണ്ടാമതായി മതാധിധിഷ്ഠിത വിഷയങ്ങൾ മുൻപില്ലാത്ത വിധം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. പല മണ്ഡലങ്ങളിലെയും വോട്ടുപിടിത്തം ശബരിമലയിൽ അധിഷ്ഠിതമായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം കേരളത്തെ ദേശീയ മുഖ്യധാരാ രാഷ്ട്രീയ ചർച്ചകളിൽ ഭാഗഭാക്കാക്കി. കേരളത്തിന് പുറത്ത് ഒന്നിച്ച് പ്രവർത്തിക്കുന്ന പല കക്ഷികളും പരസ്പരം പടവെട്ടി. ഈ ഘടകങ്ങൾ പല അളവിലും രൂപത്തിലും ചേർന്ന് പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യമാണ് ഫലം നിർണയിക്കുന്നത്.
കേരള സർവകലാശാല സർവേ റിസർച്ച് സെന്റർ മുകളിൽ സൂചിപ്പിച്ചതും ഒരു ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രാധാന്യം അർഹിക്കുന്നതുമായ അനവധി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനമാണ് ഈ ലേഖനത്തിന്റെ ആധാരം. 20 ലോക്സഭാ മണ്ഡലങ്ങളിൽ നിന്നും 2019 ഏപ്രിൽ 12 മുതൽ 17 വരെ സമ്മതിദായകരുടെ ഒരു പരിഛേദത്തെ നേരിട്ട് കണ്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശകലനം. ഏത് മുന്നണിയുടെ സ്ഥാനാർത്ഥി വിജയിക്കും എന്നതിലുപരി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് സമ്മതിദായകർ എങ്ങനെ ചിന്തിക്കുന്നു എന്നും അവ ജയപരാജയങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നുമാണ് പരിശോധിക്കുന്നത്.
പ്രധാനപ്രശ്നങ്ങൾ
ഏതൊരു തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളുണ്ട്. സർവേ റിസർച്ച് സെന്ററിന്റെ പഠനപ്രകാരം പ്രധാന പ്രശ്നമായി ജനം വിലയിരുത്തിയത് നോട്ടുനിരോധനം ( 22.3 ശതമാനം ), ശബരിമല സ്ത്രീപ്രവേശനം ( 19 ) , പെട്രോൾ വിലക്കയറ്റം ( 18.1 ), അഴിമതി ( 7.9 ), കാർഷിക പ്രശ്നങ്ങൾ എന്നിവയാണ്. കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ ന്യൂനതയായി കാണുന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്. ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് കേരളത്തോട് കേന്ദ്രമെടുക്കുന്ന നിലപാട് ഗുണകരമല്ല എന്ന 67.9 ശതമാനത്തിന്റെ അഭിപ്രായം.
കേരളത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങൾ കേരള സർക്കാരിന്റെ വിലയിരുത്തൽ ( 26.2 ശതമാനം ) , അക്രമരാഷ്ട്രീയം ( 33 ), ശബരിമല സ്ത്രീപ്രവേശനം ( 16.1 ) , കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ ( 16.5 ശതമാനം ) തുടങ്ങിയവയാണ്.
ആരോപണങ്ങളും വാഗ്ദാനങ്ങളും
ഭരണ - പ്രതിപക്ഷ ആരോപണ പ്രത്യാരോപണങ്ങളുടെ വേദി കൂടിയാണ് തിരഞ്ഞെടുപ്പ്. കാവൽക്കാരൻ കള്ളനാണ് എന്ന ബി.ജെ.പിക്കെതിരെയുള്ള കോൺഗ്രസിന്റെ ആരോപണം 48. 3 ശതമാനം ശരിവയ്ക്കുമ്പോൾ 29.9 ശതമാനം വിയോജിക്കുന്നു. 21. 1 ശതമാനം ഇതിനെക്കുറിച്ച് അറിയില്ല എന്ന നിലപാടിലാണ്. റാഫേൽ ആയുധ ഇടപാടിൽ അഴിമതിയുണ്ടെന്ന് 25.1 ശതമാനം അഭിപ്രായപ്പെടുമ്പോൾ , 57 ശതമാനം അഴിമതിയില്ലെന്ന് കരുതുന്നു. 72,000 രൂപ പാവപ്പെട്ടവർക്ക് നൽകുമെന്ന യു.പി.എ യുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാകുമെന്ന് 26.5 ശതമാനം കരുതുമ്പോൾ 59 ശതമാനം അപ്രായോഗികമായി കണക്കാക്കുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള 10 ശതമാനം സംവരണം വോട്ടിംഗിനെ സ്വാധീനിക്കുമെന്ന് 31. 9 ശതമാനം കരുതുമ്പോൾ 45.7 ശതമാനം വിയോജിക്കുന്നു. നല്ലൊരു ശതമാനം ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നുമില്ല. മതേതര ജനാധിപത്യം സംരക്ഷിക്കുന്നതിൽ 45.8 ശതമാനം കോൺഗ്രസിനെയും 27. 6 ശതമാനം എൽ.ഡി.എഫിനെയും പിന്തുണയ്ക്കുന്നു. ഇക്കാര്യത്തിൽ 16. 6 ശതമാനം മാത്രമാണ് എൻ.ഡി.എയ്ക്ക് അനുകൂലമായി ചിന്തിക്കുന്നത്.
വിലയിരുത്തൽ
തിരഞ്ഞെടുപ്പുകൾ, ഭരിക്കുന്ന സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലുകളാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വളരെ നല്ലത് ( 6.7 ശതമാനം ) നല്ലത് ( 14.2) , ശരാശരി ( 30.2 ) എന്നീ ക്രമത്തിലാണ് കാണുന്നത്. അതേസമയം 31.5 ശതമാനം മോശമെന്നും 17.5 ശതമാനം വളരെ മോശമെന്നും വിലയിരുത്തുന്നു. മോദി സർക്കാരിന് ഒരു അവസരം കൂടി നൽകണമോ എന്ന ചോദ്യത്തിന് 71.6 ശതമാനത്തിന് വേണ്ട എന്ന അഭിപ്രായമാണ്. കേവലം 21 ശതമാനം മാത്രമാണ് മോദിക്ക് മറ്രൊരു അവസരത്തെ പിന്തുണയ്ക്കുന്നത്. കേരളത്തിലുള്ളവർ അടുത്ത പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമ്പോൾ ( 59.2 ശതമാനം ) നരേന്ദ്രമോദിക്ക് 17 ശതമാനത്തിന്റെ പിന്തുണയേയുള്ളൂ.
കേരള സർക്കാരിന്റെ ആയിരം ദിവസത്തെ ഭരണത്തെ 14.4 ശതമാനം വളരെ നല്ലതെന്നും 23.9 ശതമാനം നല്ലതെന്നും 38.3 ശതമാനം ശരാശരിയെന്നും വിലയിരുത്തുമ്പോൾ മോശമെന്ന് 14.2 ശതമാനവും വളരെ മോശമെന്ന് 6.8 ശതമാനവും കണക്കാക്കുന്നു. ഭരണപരമായ കാര്യങ്ങളിൽ കേരള സർക്കാരിനെതിരെ വലിയ വികാരമില്ലെന്ന് കരുതാം. എന്നാൽ 30. 3 ശതമാനം എൽ.ഡി.എഫ് സർക്കാരിനെ കാണുന്നത് ശബരിമല വിഷയത്തിന്റെ ഉത്തവാദിയായാണ്. ഇത് സർക്കാരിനെ പ്രതികൂലമായി ബാധിക്കും.
വിജയം ആർക്ക് ?
ഒരു തിരഞ്ഞെടുപ്പിലെ ഏറ്റവും ആകാംക്ഷ നിറഞ്ഞ ചോദ്യം വിജയം ആർക്കെന്നതാണ്. അഭിപ്രായ സർവേയിലെ ചില ചോദ്യങ്ങൾ ഈ ഉത്തരത്തിലേക്ക് നയിക്കുന്നവയാണ്. ഈ മണ്ഡലത്തിൽ ആരുടെ സ്ഥാനാർത്ഥിയാണ് ജയിക്കാൻ സാദ്ധ്യത എന്ന ചോദ്യത്തിന് 44.2 ശതമാനം യു.ഡി.എഫ് എന്നും 36.2 ശതമാനം എൽ.ഡി.എഫ് എന്നും 11.1 ശതമാനം എൻ.ഡി.എ എന്നുമാണ് അഭിപ്രായപ്പെട്ടത്. ജയസാദ്ധ്യതയെക്കുറിച്ചുള്ള ജനങ്ങളുടെ ഒരു ധാരണയാണിത്. ഈ ധാരണ ജയപരാജയ സാദ്ധ്യതകളെ സ്വാധീനിക്കും. ഇക്കാര്യത്തിൽ യു.ഡി.എഫിന് മേൽക്കൈയുണ്ടെന്നുള്ളത് വ്യക്തമാണ്. അതുപോലെ പ്രസക്തമാണ് ഏത് മുന്നണിയുടെ സ്ഥാനാർത്ഥിയാണ് മികച്ചതെന്ന ചോദ്യം. ഇക്കാര്യത്തിൽ യു.ഡി.എഫ് ( 43 ശതമാനം) , എൽഡി.എഫ്. ( 41.4) , ബി.ജെ.പി. ( 12.4) എന്നീ ക്രമത്തിലാണ്. ആർക്കാണ് വിജയം എന്നതിലെ ഏറ്രവും പ്രസക്തമായ ചോദ്യം സമ്മതിദായകൻ ആർക്ക് വോട്ട് ചെയ്യും എന്നതാണ്. ഇതിന് ഉത്തരമായി യു.ഡി.എഫ് ( 35.4 ) , എൽ.ഡി.എഫ് ( 31.8 ) , എൻ.ഡി.എ ( 12.8) എന്നിങ്ങനെയാണ് പ്രതികരിച്ചത്. 16.7 ശതമാനത്തിന്റെ അഭിപ്രായം പറയുന്നില്ല എന്ന നിലപാട് നിർണായകമാണ്. എന്നിരുന്നാലും വിജയം ആർക്കാണെന്ന മിക്ക ചോദ്യങ്ങളിലും യു.ഡി.എഫിന് മുൻതൂക്കമുണ്ടെന്ന് കാണാം. അതുകൊണ്ടുതന്നെ കൂടുതൽ സീറ്റുകൾ യു.ഡി.എഫിന് ലഭിക്കാനാണ് സാദ്ധ്യത. കേരളത്തിന്റെ പൊതു പ്രവണതയെയാണ് സർവേ പ്രതിഫലിപ്പിക്കുന്നത്. ഏത് മണ്ഡലത്തിൽ ആര് ജയിക്കും എന്ന തരത്തിലല്ല പഠനം നടത്തിയിട്ടുള്ളത്. എന്നാൽ കേരളം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തിരിക്കാനാണ് സാദ്ധ്യതയെന്ന കൃത്യമായ സൂചനകൾ ലഭിക്കുന്നുണ്ട്.
ജയപരാജയ സാദ്ധ്യതകൾക്ക് അപ്പുറത്ത് ചില പ്രവണതകൾ വായിച്ചെടുക്കാം. ഒന്ന്, കേരള രാഷ്ട്രീയത്തിൽ ബി.ജെ.പി നിർണായക സാന്നിദ്ധ്യമാണ്. അതേസമയം ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ പോലും ബി.ജെ.പിയുടെ വോട്ട് ഷെയറിൽ കാര്യമായ വളർച്ച ദൃശ്യമല്ല. ഏതെങ്കിലും സീറ്റിൽ ബി.ജെ.പി ജയിച്ചാൽപ്പോലും ആകെയുള്ള വോട്ട് ഷെയറിൽ ചെറിയ വർദ്ധനവേ ഉണ്ടാകൂ. ശബരിമല വിഷയം വോട്ടിംഗിനെ സ്വാധീനിക്കുന്നുണ്ട്. ഇത് ബി.ജെ.പിക്ക് അനുകൂലമാകുന്നതിനേക്കാൾ ഉപരിയായി എൽ.ഡി.എഫിന് പ്രതികൂലമാവുകയാണ്. ഇടതുപക്ഷ സർക്കാർ ചെയ്ത പല നല്ല കാര്യങ്ങളും ശബരിമലയിൽ ലയിച്ചുപോയിട്ടുണ്ട്. എൽ.ഡി.എഫിനും യു.ഡി.എഫിനും ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ചെറിയ തോതിൽ നഷ്ടപ്പെടും. അതേസമയം ന്യൂനപക്ഷങ്ങളുടെ വോട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി യു.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരിക്കും. യു.ഡി.എഫിന് നഷ്ടപ്പെടുന്ന ഭൂരിപക്ഷ സമുദായ വോട്ടുകൾ ന്യൂനപക്ഷ കേന്ദ്രീകരണത്തിലൂടെ നികത്താൻ കഴിയും. എൽ.ഡി.എഫിന് നഷ്ടപ്പെടുന്ന ഭൂരിപക്ഷ സമുദായ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും നികത്താൻ മാർഗമില്ല. ഇവിടെയാണ് യു.ഡി.എഫിന് മേൽക്കൈ ലഭിക്കുക. അതുപോലെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പല കാര്യങ്ങളിലും പ്രതിക്കൂട്ടിലാകുമ്പോൾ യു.ഡി.എഫിന് അതിന്റെ ആനുകൂല്യം ലഭിക്കും.
മുകളിൽ സൂചിപ്പിച്ച ഘടകങ്ങൾ വോട്ടിംഗിനെ സ്വാധീനിക്കുക പല രൂപത്തിലും അളവിലുമായിരിക്കും. ഏതെങ്കിലും പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഫലം നിർണയിക്കുക അസാദ്ധ്യവും അശാസ്ത്രീയവുമാണ്. ശബരിമല വിഷയം, കേന്ദ്ര - സംസ്ഥാന സർക്കാരുകളോടുള്ള സമീപനം, ജനകീയപ്രശ്നങ്ങൾ, മുന്നണി രാഷ്ട്രീയത്തിലെ നീക്കുപോക്കുകൾ തുടങ്ങിയവയെല്ലാം ഫലത്തെ സ്വാധീനിക്കും. കൂടാതെ അവസാനവട്ട രാഷ്ട്രീയ കരുനീക്കങ്ങളും കൊടുക്കൽ വാങ്ങലുകളും പോളിംഗ് ശതമാനവും കേരളത്തിന് അത്ര പരിചിതമല്ലാത്ത ത്രികോണമത്സരത്തിലെ അനിശ്ചിതത്വവും ചേർന്നാവും 17-ാം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കപ്പെടുക.
(അഭിപ്രായം കേരള സർവകലാശാല സർവേ റിസർച്ച് സെന്ററിന്റേത് )