പുതുതായി ആരംഭിച്ച കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾക്ക് നേരെ സംസ്ഥാനമെമ്പാടെ ചീറിയടുത്തു സ്വകാര്യ സമാന്തര സർവീസുകാർ. പല റൂട്ടുകളിലും സ്വകാര്യ ബസ്സുകൾ തലങ്ങും വിലങ്ങുമിട്ടു ചെയിൻ സർവീസുകൾക്ക് തടസ്സമുണ്ടാക്കിയതോടെ നഷ്ടത്തിൽ നിന്നും കര കയറുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൂപ്പർ ഫാസ്റ്റ് ഓർഡിനറി ചെയിൻ സർവീസുകൾ കളക്ഷൻ ലഭിക്കാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സ്വകാര്യ സർവീസുകൾ ചെയിൻ സർവീസുകളെ തടയുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടു കൗമുദി ടി വി നേർകണ്ണ്. സ്വകാര്യ ബസുകളുടെ അതിക്രമങ്ങളും അസഭ്യവർഷവും ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ പരാതികൾ പോലീസും വാഹന പരിശോധനാ ഉദ്യോഗസ്ഥരും അവഗണിക്കുന്നതും ദൃശ്യങ്ങൾ സഹിതം പുറത്തു വിട്ടു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾക്ക് മതിയായ സുരക്ഷയൊരുക്കണമെന്നു കെ.എസ്.ആർ.ടി.സി അധികൃതർരേഖ മൂലംപോലീസിനോട് ആവശ്യപ്പെട്ടു. നേർകണ്ണിലൂടെ വാർത്ത പുറത്തു വന്നതോടെ നിരത്തുകളിൽപോലീസുംമോട്ടോർ വാഹന വകുപ്പും പരിശോധനകൾ ശക്തമാക്കി കഴിഞ്ഞു.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള സൂപ്പർ ഫാസ്റ്റ് ചെയിൻ സർവീസ് റൂട്ടുകളിലും ഓർഡിനറി ചെയിൻ സർവീസ് നടത്തുന്ന മറ്റു റൂട്ടുകളിലും മോട്ടോർ വാഹനവകുപ്പിന്റെ പ്രേത്യേക സ്‌ക്വാഡുകളും സ്വകാര്യ ബസ്സുകളുടെ അമിതവേഗത, കെ.എസ്.ആർ.ടി.സിബസ്സുകൾക്ക് ആളെടുക്കാനോ സ്റ്റോപ്പുകളിൽ നിർത്തുവാനോ കഴിയാത്ത വിധം സ്വകാര്യ ബസ്സുകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രതിരോധം എന്നിവയാണ് പ്രത്യേക സ്‌ക്വാഡുകൾ പരിശോധിക്കുക. ഇതോടെ മിക്ക ചെയിൻ സർവീസ് റൂട്ടുകളിലും കെ.എസ്.ആർ.ടി.സി ബസുകളുടെ വരുമാനം ഉയർന്നു തുടങ്ങിയതായി അധികൃതരും അറിയിച്ചു.
തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ചെയിൻ സർവീസുകൾക്കാണ് സ്വകാര്യ ബസ്സുകളുടെ ഭീഷണി ഏറെനേരിടേണ്ടി വന്നത്. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും വർക്കലയിലേക്കുള്ള ഒരു സർവീസ് തിരിച്ചാലുടൻ തന്നെ വീവരം തൊട്ടടുത്ത സ്വകാര്യ സ്റ്റാന്റിലെത്തും . അവിടെ നിന്നും രണ്ടു സ്വകാര്യ ബസ്സുകൾ ഒപ്പം വർക്കലയിലേക്കു തിരിക്കും.. കല്ലമ്പലം ജംഗ്ഷൻ കഴിഞ്ഞാൽ പിന്നെ കെ.എസ്.ആർ.ടി.സി ബസ്സുകൾക്കു മുന്നിലും പിന്നിലുമായിട്ടാകും സ്വകാര്യ ബസ്സുകൾ യാത്ര നടത്തുക. ഇതോടെ കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റാനാകാത്ത അവസ്ഥ. ഇതിനു പിന്നാലെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും യാത്രക്കാർക്കുംനേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രോശങ്ങളും അസഭ്യ വർഷവും. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ കൂടിയായതോടെ യാത്രക്കാരുടെ ജീവനും ഒരു സുരക്ഷയുമില്ലാത്ത അവസ്ഥയായിരിക്കുകയാണ്. നേർക്കണ്ണ് പുറത്ത് വിട്ട ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിച്ചിരിക്കുകയാണ്.