മുംബയ്: തന്റെ ഒപ്പമുളള കരീന കപൂറിന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ച് അമിതാഭ് ബച്ചൻ. ഗോവയിൽ വച്ച് ചിത്രീകരിച്ച അമിതാഭ് ബച്ചൻ ചിത്രം 'പുക്കാറി'ന്റെ ലൊക്കേഷൻ ചിത്രമാണ് ബിഗ് ബി ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ കരീനയുടെ അച്ഛൻ രൺധീർ കപൂറിനെയും കാണാം. കാലിൽ പരിക്ക് പറ്രിയ കരീനയെ അമിതാഭ് ശുശ്രൂശിക്കുന്നതായാണ് ചിത്രത്തിൽ.
'ആരാണെന്ന് നോക്കൂ...ഗോവയിൽ ചിത്രീകരിച്ച 'പുക്കാറി'ന്റെ ലൊക്കേഷനിൽ വന്ന കരീന കപൂറാണത്...അച്ഛൻ രൺധീർ കപൂറാണ് കൂടെയുളളത്...കാലിന് മുറിവ് പറ്റി...ഞാനാണ് മുറിവിൽ മരുന്ന് വയ്ക്കുന്നതും മുറിവ് കെട്ടുന്നതും...' ഇങ്ങനെയാണ് ചിത്രത്തിനൊപ്പം അമിതാഭ് തന്റെ ഇൻസ്റ്രാഗ്രാം അക്കൗണ്ടിൽ കുറിച്ചത്.
തന്റെ കുടുംബത്തോടൊപ്പമുളള ചിത്രങ്ങൾ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയ വഴി സാധാരണയായി പങ്കുവയ്ക്കാറുണ്ട്. കൂടുതലും തന്റെ മക്കളായ അഭിഷേകിന്റേയും ശ്വേതയുടേയും ചിത്രങ്ങളാണ് ബച്ചൻ പങ്കുവയ്ക്കുക.
അപൂർവമായി സഹപ്രവർത്തകരുടെ ചിത്രങ്ങളും ഇതുപോലെ അദ്ദേഹം പങ്കുവയ്ക്കും. മാർച്ചിൽ, പത്തൊൻപതാം ഫിലിം ഫെയർ അവാർഡിന്റെ വേദിയിൽ വച്ച് താൻ അഭിനയിച്ച 'ആനന്ദ്' എന്ന ചിത്രത്തിന് നടൻ രാജേഷ് ഖന്ന മികച്ച നടനുളള പുരസ്കാരം സ്വീകരിക്കുന്ന ചിത്രവും അമിതാഭ് ബച്ചൻ പങ്കുവച്ചിരുന്നു.