എനിക്ക് ഏറ്റവും അടുപ്പമുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു കടവൂർ ശിവദാസൻ. ആർ.എസ്.പി പശ്ചാത്തലത്തിൽ നിന്ന് വന്നത് കൊണ്ടായിരിക്കണം മനസുകൊണ്ട് അദ്ദേഹം എന്നും വിപ്ലവകാരിയായിരുന്നു . തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കൊല്ലത്തു നിന്നാണ് ശ്രീകണ്ഠൻനായരുടെ അനുയായി ആയി അദ്ദേഹം രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളോടെല്ലാം എന്നും കൂറും അടുപ്പവും പുലർത്തിയ നേതാവായിരുന്നു കടവൂർ. 1985 ൽ അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന കാലയളവിലാണ് മോട്ടോർ വാഹന തൊഴിലാളികൾക്ക് വേണ്ടിയുള്ള ക്ഷേമനിധി ഏർപ്പെടുത്തിയത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ക്ഷേമ നിധിയും അദ്ദേഹത്തിന്റെ ആശയം ആയിരുന്നു. തൊഴിലാളികൾ എന്നും അദ്ദേഹത്തിന്റെ മുൻഗണനാ വിഷയമായിരുന്നു. കാരണം എല്ലാ അർത്ഥത്തിലും കടവൂർ ശിവദാസൻ ഒരു തൊഴിലാളി നേതാവായിരുന്നു .
നാല് തവണ മന്ത്രിയായിരുന്നപ്പോഴും താൻ നേതൃത്വം നൽകിയ വകുപ്പുകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 1982 ൽ ഞാനാദ്യമായി ഹരിപ്പാട്ട് നിന്ന് നിയമസഭയിലെത്തുമ്പോൾ അദ്ദേഹവും നിയമസഭയിലുണ്ടായിരുന്നു. അന്ന് മുതൽ അദ്ദേഹം അടുത്ത കാലത്ത് ശയ്യാവലംബിയായ സമയം വരെ ഞങ്ങൾ തമ്മിൽ ഗാഢമായ ആത്മബന്ധമുണ്ടായിരുന്നു. ഞാൻ കണ്ട മികച്ച വാഗ്മികളിൽ ഒരാളായിരുന്നു അദ്ദേഹം.
നല്ല വായനാശീലവും കാര്യങ്ങൾ സൂഷ്മമായി അപഗ്രഥിക്കാനുള്ള കഴിവും കടവൂരിന്റെ പ്രത്യേകതയായിരുന്നു. ഞാൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലയളവിൽ കൊല്ലം ജില്ലയിൽ പാർട്ടിയുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിലും അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കാറുണ്ടായിരുന്നു. കൊല്ലം ഡി.സി.സി പ്രസിഡന്റായിരുന്ന കാലയളവിൽ പാർട്ടിക്ക് പുതിയ കരുത്തും ഉത്തേജനവും പകർന്ന് നൽകുന്നതിൽ കടവൂർ വളരെയേറെ വിജയിച്ചിരുന്നു. കൊല്ലത്തെ ജനകീയ നേതാക്കൻമാരുടെ പട്ടികയിൽ കടവൂർ ശിവദാസൻ എന്ന പേർ എക്കാലവും ഉണ്ടാകും. അത്രയേറെ ആത്മബന്ധമാണ് അദ്ദേഹത്തിന് കൊല്ലം ജില്ലയുമായും അവിടുത്തെ ജനങ്ങളുമായും ഉണ്ടായിരുന്നത്. ആ ബന്ധമാണ് കൊല്ലത്തെ ഏറ്റവും കരുത്തനായ കോൺഗ്രസ് നേതാവായി കടവൂർ ശിവദാസനെ മാറ്റിയത്. ലീഡർ കെ.കരുണാകരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. 1987 ൽ ഒഴികെ 1980 മുതൽ 1996 വരെ കൊല്ലം നിയോജകമണ്ഡലത്തെയും, 2001ൽ കുണ്ടറ മണ്ഡലത്തെയുമാണ് അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്.
രാഷ്ട്രീയത്തിൽ മാത്രമല്ല ആത്മീയകാര്യങ്ങളിലും അഗാധമായ അറിവുള്ളയാളായിരുന്നു കടവൂർ ശിവദാസൻ. മികച്ച സംസ്കൃത പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം ഉപനിഷദ് ശ്ലോകങ്ങളൊക്കെ ചൊല്ലി അർത്ഥം വിശദീകരിക്കുന്നത് കേട്ടാൽ ആരും അദ്ഭുതപ്പെട്ടു പോകും. ശ്രീനാരായണ ദർശനങ്ങളിൽ അഗാധ പാണ്ഡിത്യമുളള അപൂർവം ചില രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു കടവൂർ. രാഷ്ട്രീയവും സാംസ്കാരികവും ആദ്ധ്യാത്മികവുമായ വിഷയങ്ങളെക്കുറിച്ച് എത്രനേരവും സംസാരിക്കാനുള്ള വലിയ ഉൾക്കാഴ്ച അദ്ദേഹം നേടിയിരുന്നു.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോവുകയും അക്കാലങ്ങളിലെല്ലാം കേരളീയ സമൂഹത്തിന് തന്റേതായ സംഭാവനകൾ നൽകുകയും ചെയ്ത നേതാവാണ് കടവൂർ ശിവദാസൻ. ഇത്തരം നേതാക്കളുടെ അഭാവമായിരിക്കും വരുംകാലങ്ങളിൽ നമ്മുടെ സാമൂഹ്യ സാംസ്കാരിക പരിസരങ്ങളെ വിരസമാക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നും എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കടവൂർ ശിവദാസന്റ സ്മരണകൾക്ക് മുന്നിൽ ഞാൻ ശിരസ് നമിക്കുന്നു.