കൃത്യസമയത്ത് ലഭിക്കുമ്പോൾ ഏറ്റവും മനോഹരവും കാത്തിരിക്കുമ്പോൾ പേടിസ്വപ്നവുമാകുന്ന അനുഭവമാണ് ഉറക്കം. ഇന്നത്തെ തിരക്കുപിടിച്ച കാലത്ത് ഉറക്കക്കുറവിന് കാരണങ്ങളും നിരവധിയുണ്ട്. അമിതമായ തൊഴിൽ സമ്മർദ്ദവും ദേഷ്യവും ടെൻഷനും ഒക്കെ അവസാനമെത്തുന്നത് ഉറക്കമില്ലായ്മയിലേക്കും അതുവഴി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കുമാണ്. ശരിയായ ഉറക്കം കിട്ടിയില്ലെങ്കിൽ അത് ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിക്കുമെന്ന യാഥാർത്ഥ്യം അറിയാതെ പോകരുത്. ആരോഗ്യകരമായ ജീവിതത്തിന് ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ ഉറക്കം നിർബന്ധമാണ്. ഏതൊരു വ്യക്തിക്കും ഉറക്കം പ്രധാനമാണ്. ഉറക്കമില്ലെങ്കിൽ പിന്നെ ജീവിതമില്ല. ഉറക്കം കുറയുന്നുവെന്ന് അറിയുമ്പോൾ തന്നെ ആ അവസ്ഥയെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അവഗണിച്ചാൽ ഉറക്കമില്ലായ്മ നിങ്ങളുടെ ജീവിതത്തെ തന്നെ നശിപ്പിക്കും. ഉറക്കം ഒരു ദിവസത്തേക്ക് മുടങ്ങിയാലും തലച്ചോറിന് തകരാറുണ്ടാകുമെന്നാണ് പുതിയ കണ്ടുപിടിത്തം. ഉറക്കമില്ലായ്മ ബുദ്ധിശക്തിയെ നശിപ്പിക്കുമെന്നും മറവിരോഗം, പാർക്കിൻസൺസ്, മൾട്ടിപ്പിൾ സീറോസിസ്, ശരീര വേദന, ഹൃദ്രോഗം എന്നിവക്കും കാരണമാകും. തുടർച്ചയായി ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്.
പത്തുമണി നല്ല കണക്ക്
എന്നും രാത്രി ഉറങ്ങുന്നതിന് ഒരു പ്രത്യേക സമയം നീക്കി വയ്ക്കുക. പത്തുമണി എന്നതാണ് നല്ല കണക്ക്. എപ്പോഴും ഒരേ സമയത്തു തന്നെ ഉറങ്ങാൻ ശീലിച്ചോളൂ. കുറച്ച് ദിവസം അത് പരീക്ഷിക്കുമ്പോൾ ബാക്കിയുള്ള ദിവസങ്ങളിൽ ഈ സമയമാകമ്പോൾ ഉറക്കം താനേ വന്നുകൊള്ളും. നല്ല ഉറക്കത്തിന് നല്ല കിടക്കയും തലയിണയും പ്രധാനമാണ്. ഇവ ശരിയല്ലെങ്കിൽ ഉറക്കത്തിനും ഭംഗം വരും. സ്ഥിരം കിടക്കുന്ന കിടക്കിയിൽ നിന്ന് മാറി കിടന്നാലും സുഖകരമായ ഉറക്കം ലഭിക്കണമെന്നില്ല. ഉറങ്ങുന്നതിന് ചുരുങ്ങിയത് ഒരു അരമണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക. ഭക്ഷണം ശരിയായി ദഹിക്കാതെ ഉറങ്ങുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കും. ഒരു കാരണവശാലും കഴിച്ചയുടനെ ഉറങ്ങാൻ കിടക്കരുത്.
കിടപ്പുമുറിയും പ്രധാനം
ഉറങ്ങാൻ കിടക്കുന്ന മുറിയ്ക്കും സുഖനിദ്ര പ്രദാനം ചെയ്യുന്നതിൽ പങ്കുണ്ട്. കിടക്കുന്നതിന് മുമ്പായി കിടക്ക വൃത്തിയാക്കണം. മാത്രവുമല്ല, ബെഡ്റൂമിലെ ലൈറ്റും ഓഫ് ചെയ്യണം. വെളിച്ചം വേണമെന്നുള്ളവർക്ക് അടഞ്ഞ വെളിച്ചം ഉപയോഗിക്കാം. കൂടുതൽവെളിച്ചം ഉറക്കത്തെ തടസപ്പെടുത്തും. കിടക്കുന്നതിന് മുമ്പ് ടിവി, കംപ്യൂട്ടർ തുടങ്ങിയ ഓഫ് ചെയ്തു വയ്ക്കുക. അല്ലാത്തപക്ഷം ഉറക്കത്തിൽ ഇവയെ കുറിച്ചാകും ശ്രദ്ധ. അത് ഇടയ്ക്കിടെ ഉണരുന്നതിന് കാരണമാകുകയും ചെയ്യും. ഉറങ്ങാൻ കിടന്നാൽ പിന്നെ വായനയും വേണ്ട. ആ സമയം കൃത്യമായും ഉറക്കത്തിന് വേണ്ടി തന്നെ മാറ്റി വയ്ക്കണം.
ഭക്ഷണത്തിലുമുണ്ട് കാര്യം
ഉറക്കത്തിന് മുമ്പ് കഴിക്കുന്ന ഭക്ഷണത്തിലും കാര്യമുണ്ട്. വയറ് നിറയെ വാരി വലിച്ച് കഴിച്ചാൽ അന്നത്തെ ഉറക്കം നഷ്ടപ്പെടും എന്ന് ഓർത്തോളൂ. അതുപോലെ തന്നെ ഭക്ഷണത്തിന്റെ അളവും പ്രധാനമാണ്. രാത്രിയിൽ എളുപ്പം ദഹിക്കുന്ന ആഹാരം മിതമായ അളവിൽ കഴിക്കുവാൻ ശ്രദ്ധിക്കണം. ചായ, കാപ്പി തുടങ്ങിയവ ഉറങ്ങുന്നതിനു മുമ്പ് ഒഴിവാക്കണം. മദ്യപിക്കുന്നത് നല്ല ഉറക്കത്തെ സഹായിക്കുമെന്ന മിഥ്യാധാരണ പലർക്കുമുണ്ട്. ഇത് ശരിയല്ല. ഉറക്കം വരുത്തുമെന്നേയുള്ളൂ, പക്ഷേ, ആരോഗ്യകരമായ ഉറക്കം മദ്യം കഴിക്കുന്നവർക്ക് ഉണ്ടാകില്ല.
ഒരു ദിവസത്തിലുമുണ്ട് കാര്യം
രാവിലെ മുഴുവൻ ചുറുചുറുക്കോടെ ജോലികൾ ചെയ്തുതീർക്കുന്നവർക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കും. വ്യായാമവും ഉറക്കത്തെ സഹായിക്കുന്ന ഘടകമാണ്. ദിവസവും അല്പനേരം വ്യായാമത്തിന് വേണ്ടി മാറ്റി വച്ചു നോക്കൂ. നിങ്ങൾക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കും. മെഡിറ്റേഷൻ,യോഗ തുടങ്ങിയവയും ഉറക്കത്തിന് നല്ലതാണ്. ഉച്ചയുറക്കവും ഇടയ്ക്കുറങ്ങുന്ന ശീലവുമുണ്ടെങ്കിൽ അത് നിർബന്ധമായും ഒഴിവാക്കുക. ഇതും രാത്രിയിലെ ഉറക്കത്തിനു ഭംഗം വരുത്തും.
ശാന്തമായി ഉറങ്ങൂ
മനസിനെ അലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉറങ്ങാൻ കിടക്കമ്പോൾ ചിന്തിക്കരുത്. ഇത് ഉറക്കം കെടുത്തും. രാത്രിയിൽ മണിയടിക്കാത്ത ക്ലോക്കു മാത്രം ബെഡ്റൂമിൽ വയ്ക്കുക. അല്ലെങ്കിൽ ഇതിന്റെ മണിയടി നിങ്ങളെ അലോസരപ്പെടുത്തും. ബഹളങ്ങളും ശബ്ദങ്ങളും എത്താത്ത രീതിയിൽ കിടപ്പുമുറി ക്രമീകരിക്കുക. ശാന്തമായ അന്തരീക്ഷം നല്ല ഉറക്കത്തെ സഹായിക്കും. കിടക്കുമുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് ശീലമാക്കണം.