pepper

കൊച്ചി: പരിഷ്‌കരിച്ച മാനദണ്ഡങ്ങളുമായി ഇന്ത്യൻ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (ഐ.സി.ഇ.എക്‌സ്) കുരുമുളക് അവധി വ്യാപാരം മേയ് 20 മുതൽ പുനരാരംഭിക്കുന്നു. നിലവിൽ പ്രതിവർഷം 3,000 കോടി രൂപയുടെ കുരുമുളക് ഇന്ത്യയിൽ പൊതുവിപണിയിൽ വിറ്റഴിയുന്നുണ്ട്. ഇതിന്റെ 25 മുതൽ 50 ശതമാനം വരെ സ്വന്തമാക്കി, കുരുമുളകിന്റെ വിലനിർണയ കേന്ദ്രമായി വളരാനാണ് ഐ.സി.ഇ.എക്‌സ് ലക്ഷ്യമിടുന്നത്.

പരമ്പരാഗതമായി, കുരുമുളകിന്റെ ഉത്‌പാദന മേഖലയെ വ്യക്തമാക്കുന്ന 'എം.ജി1" (മലബാർ ഗാർബിൽഡ്) അടിസ്ഥാനമാക്കിയായിരുന്നു അവധി വ്യാപാരം നടന്നിരുന്നത്. എന്നാൽ, പൊതുവിപണിയിൽ സ്വീകാര്യതയുള്ള 550 ഗ്രാം/ലിറ്റർ തൂക്കം അടിസ്ഥാനമാക്കിയാണ് പുതിയ കോൺട്രാക്‌ടുകൾ ഐ.സി.ഇ.എക്‌സ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ കുരുമുളക് ഉത്‌പാദനം, വിപണനം എന്നിവയുടെ ഗുണനിലവാരം കണക്കാക്കുന്നത് ഈ മാനദണ്ഡ പ്രകാരമാണ്. പുതിയ കോൺട്രാക്‌ട് കർഷകർക്കും വ്യാപാരികൾക്കും ഒരുപോലെ നേട്ടമാകുമെന്ന് ഐ.സി.ഇ.എക്‌സ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സൻജിത് പ്രസാദ് പറഞ്ഞു.

ജൂലായ്, ആഗസ്‌റ്റ്, സെപ്‌തംബർ മാസങ്ങളിൽ അവസാനിക്കുന്ന മൂന്ന് കോൺട്രാക്‌ടുകളാണ് ഐ.സി.ഇ.എക്‌സ് അവതരിപ്പിക്കുന്നത്. ഒരു മെട്രിക് ടണ്ണാണ് വ്യാപാരത്തിനുള്ള അളവായി (ലോട്ട് സൈസ്) നിശ്‌ചയിച്ചിരിക്കുന്നത്. എറണാകുളം കടവന്ത്രയിലാണ് സംഭരണശാല.

ഇന്ത്യയിൽ പ്രതിവർഷം 3,000 കോടി രൂപയുടെ കുരുമുളക് വ്യാപാരമാണ് നടക്കുന്നത്. കേരളത്തിലാണ് ഏറ്റവും നിലവാരമേറിയ കുരുമുളക് ഉത്‌പാദിപ്പിക്കപ്പെടുന്നത്. മലബാർ ഗാർബിൽഡ്, തലശേരി എക്‌ട്രാ ബോൾഡ് ഇനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ മികച്ച സ്വീകാര്യതയുണ്ട്. ക്വിന്റലിന് 36,000-37,000 കോടി രൂപയാണ് നിലവിൽ കുരുമുളകിന് വില.