modi-first-press-meet

ന്യൂഡൽഹി: സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായി മാദ്ധ്യമങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കൊപ്പം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തായിരുന്നു വാർത്താ സമ്മേളനം. അഞ്ച് വർഷം രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് എല്ലാവരോടും നന്ദി പറഞ്ഞ മോദി ഇനിയും അഞ്ച് വർഷം താൻ തന്നെ ഇന്ത്യ ഭരിക്കുമെന്നും വ്യക്തമാക്കി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടും. എല്ലാവരും തങ്ങളെ ആശീർവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ മോദി തയ്യാറാകാത്തത് വീണ്ടും കല്ലുകടിയായി. പാർട്ടി അദ്ധ്യക്ഷൻ ഉള്ളത് കൊണ്ടാണ് താൻ മറുപടി പറയാത്തതെന്നും മോദി വ്യക്തമാക്കി.

modi-press-meet

വളരെ ക്രിയാത്മകമായ തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നതെന്നും മോദി പറഞ്ഞു. അവസാന രണ്ട് തിരഞ്ഞെടുപ്പുകളിലും ഐ.പി.എൽ പോലുള്ള ആഘോഷങ്ങൾ നടത്താൻ സാധിച്ചില്ല. എന്നാൽ സർക്കാർ ശക്തമാണെങ്കിൽ ഐ.പി.എൽ, റംസാൻ, സ്‌കൂൾ പരീക്ഷകൾ തുടങ്ങിയവ ഒരേ സമയത്ത് തന്നെ സമാധാനപരമായി നടത്താൻ സാധിക്കും. അഞ്ച് വർഷത്തെ ഭരണത്തിൽ ജനങ്ങളെല്ലാം തൃപ്‌തരാണ്. ഇത്രയും കാലം തങ്ങൾക്ക് ഭരിക്കാൻ അനുമതി തന്ന എല്ലാവരോടും നന്ദി പറയുന്നു. ഇനിയും ഭരണം തുടരണമെങ്കിൽ എല്ലാവരും തന്നെ ആശിർവദിക്കണം. മുൻകാലത്തേക്കാൾ ഇപ്പോൾ ജനങ്ങളുടെ പിന്തുണ തനിക്ക് ഉണ്ടെന്നും മോദി അവകാശപ്പെട്ടു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലെ പ്രചാരണം വളരെ ആസൂത്രണം ചെയ്‌താണ് നടപ്പിലാക്കിയത്. ഇത്തവണ ബി.ജെ.പി കേവല ഭൂരിപക്ഷം നേടും. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാൽ സർക്കാർ രൂപീകരണം വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അഞ്ച് വർഷത്തെ മോദി സർക്കാരിന്റെ ഭരണം രാജ്യത്തെ ജനങ്ങൾ മുഴുവൻ ഏറ്റെടുത്തതായും ഇനിയും മോദി ഭരണം വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. എൻ.ഡി.എ തന്നെ ഇത്തവണ സർക്കാർ രൂപീകരിക്കും. എന്നാൽ അതിന് ശേഷം പുതിയ കക്ഷികൾ വന്നാൽ അവരെയും സർക്കാരിന്റെ ഭാഗമാക്കും. പുതിയ കക്ഷികളെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. സഹകരിക്കാൻ തയ്യാറാകുന്നവർക്ക് വാതിലുകൾ തുറന്നിട്ടതായും അദ്ദേഹം പറഞ്ഞു.