തിരുവനന്തപുരം: നരേന്ദ്ര മോദിയല്ലെങ്കിൽ സോണിയ ഗാന്ധിയോ എ.കെ. ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകുമെന്ന് ഇടത് സഹയാത്രികനും സർക്കാരിന്റെ നവകേരള മിഷൻ കോ-ഓർഡിനേറ്ററുമായ ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക് പോസ്റ്റ്.
ഏറ്റവുമധികം സീറ്റ് കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കുമെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രവചനം. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത ഊഴം കോൺഗ്രസ്സിനായിരിക്കും. പ്രമുഖ പ്രാദേശിക കക്ഷികളിൽ പലതും രാഹുൽ ഗാന്ധിയെ അംഗീകരിക്കാൻ തയ്യാറാവില്ല. പത്ത് വർഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മൻമോഹൻ സിംഗിനെ എതിർക്കുന്നവർ ഉണ്ടാകും. മമത ബാനർജി , മായാവതി, ശരത് പവാർ, മുലായം സിംഗ് യാദവ്, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു തുടങ്ങിയവർ പ്രധാനമന്ത്രി കാംക്ഷികളാണ്. യു.പി.എ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാൻ ഇവർക്കാർക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാൽ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും. കോൺഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികൾക്കും ആന്റണി സ്വീകാര്യനായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.