kadavoor-sivadasan

കൊല്ലം/ തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും സംശുദ്ധ രാഷ്ട്രീയത്തിനുടമയും നാലു തവണ മന്ത്രിയുമായിരുന്ന കടവൂർ ശിവദാസൻ (88) അന്തരിച്ചു. തിരുവനന്തപുരം പി.ആ‌ർ.എസ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.50നായിരുന്നു അന്ത്യം.

പനിയും ചുമയും ബാധിച്ച് രണ്ടാഴ്ചമുമ്പ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് പി.ആർ.എസിലേക്ക് കൊണ്ടുവന്നത്. ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. അന്ത്യസമയത്ത് മകൾ ഡോ. മിനിയും മരുമകൻ പ്രേംകുമാറും ഭാര്യാസഹോദര പുത്രനും എന്നും കടവൂരിന്റെ സഹായിയുമായ സജിയും അടുത്തുണ്ടായിരുന്നു.

മൃതദേഹം ഇന്നലെ രാവിലെ 10ന് കൊല്ലം ഡി.സി.സി ഓഫീസിലും തുടർന്ന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപമുള്ള വസതിയായ മിനി സദനിലും പൊതുദർശനത്തിന് വച്ചു. സംസ്കാരം വൈകിട്ട് മുളങ്കാടകം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു.

കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് പരേതയായ ആർ. വിജയമ്മയാണ് ഭാര്യ. കൊല്ലത്ത് കൺസ്ട്രക്‌ഷൻ സ്ഥാപനം നടത്തുന്ന ഷാജി മകനാണ്. മരുമകൻ എസ്. പ്രേംകുമാർ ഐ.എസ്.ആർ.ഒ ഹാസ്സൻ കൺട്രോൾ ഡിവിഷൻ ഡയറക്ടറാണ്. ആർ. ബിന്ദുവാണ് മരുമകൾ.

കേരളം കണ്ട മികച്ച ഭരണാധികാരി, പ്രഗല്ഭനായ അഭിഭാഷകൻ, തൊഴിലാളി നേതാവ്, സംസ്കൃത പണ്ഡിതൻ, ഉജ്ജ്വല വാഗ്മി എന്നീ നിലകളിലെല്ലാം മികവാർന്ന വ്യക്തിത്വത്തിനുടമയായിരുന്നു കടവൂർ. സം​സ്​കൃ​ത​ പഠ​നം ഭ​ഗ​വ​ദ്​ഗീ​ത​യി​ലെ​യും ഉ​പ​നി​ഷ​ത്തു​ക​ളി​ലെ​യും സ​ത്യ​ധർ​മ​ങ്ങ​ളു​ടെ നേ​ര​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​വൂ​രി​നെ ആ​കർ​ഷി​ച്ചു. അവസാന നാളുകളിലും വായന അദ്ദേഹത്തിന് ഒഴിച്ചു കൂടാനാവാത്ത ശീലമായിരുന്നു.

തൃക്കടവൂരിലെ സാധാരണ കുടുംബമായ ശ്രീമംഗലത്ത് (മുതലഴികത്ത്) പരേതരായ കേശവന്റെയും ലക്ഷ്മിയുടെയും മകനായി 1930 ഡിസംബർ 9ന് ജനനം. ഏറെ ക്ളേശപൂർണമായിരുന്നു ചെറുപ്പകാലം. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം എറണാകുളം ലാ കോളേജിൽ നിന്ന് എൽഎൽ.ബി പാസായി.

ഇടത് ചിന്താഗതിക്കാരനായ ശിവദാസൻ ആർ.എസ്.പി സ്ഥാപക നേതാക്കളിലൊരാളായ ടി.കെ. ദിവാകരനിൽ ആകൃഷ്ടനായി പി.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. താമസിയാതെ പി.എസ്.യു സംസ്ഥാന പ്രസിഡന്റായി. കൊല്ലം കോടതികളിൽ അഭിഭാഷകനായി പ്രവർത്തിക്കെ ആർ.എസ്.പിയുടെ സജീവ പ്രവർത്തകനായി. ആർ.എസ്.പിയിലെ പിളർപ്പിനെ തുടർന്ന് എൻ .ശ്രീകണ്ഠൻ നായരുമായി ചേർന്ന് ആർ.എസ്.പി (എസ്) രൂപീകരിച്ച് യു.ഡി.എഫിലെത്തി കോൺഗ്രസിൽ കെ. കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടു.

പ്രഗത്ഭനായ മന്ത്രി

തിരുവനന്തപുരം: കടവൂർ ശിദാസൻ 1980ലും 82ലും ആർ.എസ്.പി ടിക്കറ്റിലും 1991ലും 1996ലും 2001ലും കോൺഗ്രസ് ടിക്കറ്റിലും ജയിച്ച് നിയമസഭയിലെത്തി. 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. 1982 മേയ് 24 മുതൽ 1987വരെ കരുണാകരൻ മന്ത്രിസഭയിൽ ആദ്യം തൊഴിൽ വകുപ്പിന്റെയും അവസാന കാലയളവിൽ എക്സൈസിന്റെയും ചുമതല വഹിച്ചു. 1995 ഏപ്രിൽ 20 മുതൽ 1996 മേയ് 9 വരെ ആന്റണി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായി. വീണ്ടും ആന്റണി മുഖ്യമന്ത്രിയായ 2001ൽ വൈദ്യുതി വകുപ്പ് നൽകി. മന്ത്രിസഭ പുനഃസംഘടിപ്പിച്ച 2004 ഫെബ്രുവരി 13 മുതൽ 2004 ആഗസ്റ്റ് 28 വരെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. കൊല്ലം ഡി.സി.സി. പ്ര​സി​ഡന്റ്, കെ.പി.സി.സി ജ​ന​റൽ സെ​ക്ര​ട്ട​റി, എ.ഐ.സി.സി അംഗം എ​ന്നീ നിലകളിലും പ്രവർത്തിച്ചു.

രാജ്യത്തെ മികച്ച തൊഴിൽ വകുപ്പ് മന്ത്റിയായി തിരഞ്ഞെടുക്കപ്പെട്ട കടവൂരിനെ 1985 ൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ജനീവ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി കേന്ദ്രസർക്കാർ നിയോഗിച്ചു. തൊഴിൽ മന്ത്രിയായിരിക്കെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിച്ച് രാജ്യത്ത് തന്നെ തൊഴിലാളി ക്ഷേമനിധിക്ക് തുടക്കമിട്ടു. കാപ്പക്സ് രൂപീകരിച്ചതും അദ്ദേഹമാണ്. കെ.എസ്.എഫ്.ഇയുടെ ആദ്യ ഡയറക്ടർ ബോർഡംഗമായിരുന്നു.